Image Credit:facebook.com/bujair.pathimangalam
ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ വിതുമ്പിപ്പോയെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ പി.കെ.ബുജൈര്‍. പൊലീസുകാരനെ ആക്രമിച്ച കേസിലാണ് ബുജൈറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചുവെന്നും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള ഉപകരണം കൈവശം വച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബുജൈറിനെ അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടിയെന്ന് വാര്‍ഡന്‍ വന്ന് പറഞ്ഞപ്പോള്‍ തരിച്ചു നിന്നുവെന്നും കുപ്രസിദ്ധ പ്രതിവരെ തൊണ്ടയിടറിയാണ് തന്നെ യാത്രയാക്കിയതെന്നും ബുജൈര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിങ്ങനെ: 'രണ്ടാമത്തെ റിമാന്‍ഡ് ആയപ്പൊളേക്കും ഞാൻ ശരിക്കുമൊരു ജയിൽപുള്ളിയായി മാറിയിരുന്നു. ജാമ്യവാർത്ത വാർഡൻ വന്ന് പറഞ്ഞപ്പോൾ കുറച്ച് സമയം ഞാൻ തരിച്ച് നിന്നു. “എന്തേയ് നിനക് ജാമ്യം വേണ്ടേ?” എന്നായി അയാൾ. ചെരുപ്പ് എടുത്ത് വരാന്തയിലൂടെ സെല്ലുകൾക്ക് മുമ്പിലൂടെ നടക്കുമ്പോൾ ഓരോ സെല്ലിലുള്ളവരും വന്ന് ഇരുമ്പഴികൾക്ക് ഉള്ളിലൂടെ കൈ തന്ന് യാത്ര പറഞ്ഞു. എന്റെ ഒന്നാം നമ്പർ സെല്ലിന് മുമ്പിലെത്തിയപ്പോൾ യാത്ര പറയാൻ ശ്രമിച്ച് പരാജയപ്പെട്ട് ഞാൻ വിതുമ്പിപ്പോയി. സെല്ലിനകത്തുള്ളവരുടെയും കണ്ണു നിറഞ്ഞു. പേരു കേട്ട ഒരു notorious പ്രതിയൊക്കെ തൊണ്ട ഇടറി എന്നെ സമാധാനിപ്പിക്കുന്നത് കണ്ടിട്ട് എനിക്ക് ചിരിയും വന്നു. വീട്ടിലെത്തിയപ്പോൾ “അനക് ഓലെ കാര്യത്തിൽ അത്രക്ക് ബേജാറുണ്ടെങ്കിൽ വണ്ടിയിൽ കേറ് അവിടേക്ക് തന്നെ ആക്കി തരാം” എന്നായി ബാപ്പ. അങ്ങനെ ചുമ്മാ ചെന്നാൽ അതിനകത്തേക്ക് അവൻമാർ കയറ്റില്ല എന്ന് ഞാനും പറഞ്ഞു'.
കോഴിക്കോട് പടനിലം ചൂലാവയലില്‍ വച്ച് ഓഗസ്റ്റ് ആദ്യമാണ് ബുജൈറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്നു കേസില്‍ പിടിയിലായ കുന്ദമംഗലം സ്വദേശി റിയാസില്‍ നിന്ന് ബുജൈറിന് ലഹരി മരുന്ന് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചാറ്റുകളും പൊലീസ് കണ്ടെടുത്തിരുന്നു. വലിയ രാഷ്ട്രീയ വിവാദവും ബുജൈറിന്‍റെ അറസ്റ്റിന് പിന്നാലെയുണ്ടായി. സഹോദരനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നായിരുന്നു പി.കെ.ഫിറോസിന്‍റെ നിലപാട്.