എട്ടാം ക്ലാസ്സുകാരനും പടുകോട്ടക്കൽ സ്വദേശിയുമായ കെ എ ആദിനാഥിന്റെ ജീവനായിരുന്നു ആ സൈക്കിൾ. അത് നഷ്ടമായത് സഹിക്കാവുന്നതിനും അപ്പുറം സങ്കടം. സങ്കടം സഹിക്കവയ്യാതെ എങ്ങലടിച്ചു കരയുന്ന മകനെ കണ്ട് മനസ്സമാധാനം നഷ്ടപ്പെട്ട പിതാവ് പ്രതീക്ഷയോടെ 27 ന് പന്തളം പോലീസ് സ്റ്റേഷനിലേക്ക് ചെന്നു. ക്രച്ചസ് ഊന്നിവരുന്ന അച്ഛനെയും 13 കാരനായ മകനെയും സ്വീകരിച്ചിരുത്തിയ പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അയാളുടെ ശാരീരിക അവശതകൾ അറിഞ്ഞ കുട്ടിക്ക് സമ്മാനിച്ചതാണ് ആ സൈക്കിൾ.
കുട്ടിയുടെ സങ്കടം കണ്ട പൊലീസ് ഉടൻ ഇടപെട്ടു. മറ്റ് കേസുകളുടെ അന്വേഷണത്തിന്റെ തിരക്കുകൾക്കിടയിലും കുട്ടിയുടെ വീടിന്റെ പരിസരങ്ങളിൽ ഉള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സൈക്കിൾ മോഷണം ശീലമാക്കിയ പ്രതികളെപ്പറ്റിയും വിശദമായി അന്വേഷിച്ചു. വ്യാപകമായ അന്വേഷണത്തിനൊടുവിൽ, സൈക്കിൾ കൊണ്ടുപോയതും ഒരു കൗമാരക്കാ രനാണെന്ന് വ്യക്തമായി. ഈ കുട്ടിയുടെ വീടിനടുത്തുനിന്നു നാല് കിലോമീറ്ററോളം അകലെ നിന്നു രാത്രി സൈക്കിൾ കണ്ടെത്തി.
ഇവിടേക്ക് കുട്ടിയെയും പിതാവിനെയും വിളിച്ചുവരുത്തി തിരിച്ചറിഞ്ഞശേഷം സൈക്കിൾ പലീസ് കൈമാറി. നിറകണ്ണുകളോടെയാണ് അച്ഛനും മകനും സൈക്കിൾ ഏറ്റുവാങ്ങിയത്.