പാലക്കാട് കുത്തനൂരിൽ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രാജേഷിന് പ്ലാസ്റ്റിക് ബുക്കെ നൽകിയതിൽ വിവാദം. ബുക്കെ നിരസിച്ച മന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വീഴ്ചയുണ്ടായെന്ന് സമ്മതിക്കുന്നുവെന്നും മന്ത്രി പൊതു മധ്യത്തിൽ പറയേണ്ടിയിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പി ടി സഹദേവന്റെ പ്രതികരണം. വിഷയത്തിൽ പഞ്ചായത്തിനു പഞ്ചായത്ത് തന്നെ പിഴ ഈടാക്കാനാണ് തീരുമാനം.
കുത്തനൂർ പഞ്ചായത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനമായിരുന്നു വേദി. ഉദ്ഘാടകൻ മന്ത്രി എം. ബി രാജേഷ്. വേദിയിലെത്തിയ മന്ത്രിക്ക് നേരെ നീട്ടിയത് പ്ലാസ്റ്റിക് ബുക്കെ. നന്നായൊന്ന് നോക്കിയ മന്ത്രി വാങ്ങാൻ കൂട്ടാക്കിയില്ല. പിന്നീട് ഉദ്ഘാടന പ്രസംഗത്തിൽ കണക്കിന് പറഞ്ഞു.
മന്ത്രിയുടെ പ്രസംഗം മനോരമന്യൂസ് പുറത്തു വിട്ടതോടെ വാദങ്ങളും പ്രതിവാദങ്ങളും തുടങ്ങി. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ആണെങ്കിലും സംയുക്തമായാണ് പരിപാടി നടത്തിയത്.
വിഷയം ചൂടുപിടിച്ചതോടെ മന്ത്രി എം.ബി രാജേഷ് മനോരമന്യൂസിനോട് പ്രതികരിച്ചു. ഇന്നലെ നൽകിയത് മുന്നറിയിപ്പാണ്. ഹരിതചട്ടം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. പഞ്ചായത്തിനെതിരെ പിഴ ഈടാക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് പ്രസിഡന്റ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും സ്നേഹം നിറച്ചു മന്ത്രിക്കു നേരെ നീട്ടിയ പൂച്ചെണ്ട് ഒരു തലവേദനയായി തിരിച്ചു വരുമെന്ന് ഇവരാരും വിചാരിച്ചു കാണില്ല