തൃശൂർ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ മെഗാ സദ്യമേള നടത്തി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന സദ്യമേളയിൽ 399 വിഭവങ്ങൾ നിരന്നു. അധ്യാപകരും വിദ്യാർത്ഥികളുമാണ് വിഭവങ്ങൾ എല്ലാം തയ്യാറാക്കിയത്.
കണ്ടുനിന്നവർക്ക് കൊതിയടക്കാനായില്ല, കേട്ടു വന്നവരുടെ കണ്ണുതള്ളിപ്പോയി, അത്രയേറെ വിഭവങ്ങൾ സദ്യയ്ക്ക് ഇടം പിടിച്ചു. കോളജിലെ ബികോം ഫിനാൻസ് സ്വാശ്രയ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആണ് മെഗാ സദ്യ നടന്നത്. ഇലയിൽ ഇടം പിടിക്കാൻ സ്വാദൂറും വിഭവങ്ങൾ. വിവിധതരത്തിലുള്ള അമ്പത്തിയാറു പായസങ്ങൾ, 57 അച്ചാറുകൾ, 58 ചമ്മന്തികൾ, 19 വറവുകൾ, 64 മധുര പലഹാരങ്ങൾ,83 തോരൻ കറികൾ, 57 സൈഡ് കറികൾ അങ്ങനെ നീണ്ടുനിൽക്കുന്ന 399 വിഭവങ്ങൾ. ഇത് മുഴുവൻ ഉണ്ടാക്കിയത് വിദ്യാർഥികളും അധ്യാപകരും ആണ്.
2016 ൽ ഒരു അധ്യാപകന്റെ ആശയമായിരുന്നു ഇത്. പിന്നീട് കോളേജ് അധ്യാപകരും ആ അധ്യാപകൻ പോയിട്ടും മെഗാസദ്യാ ഏറ്റെടുത്തു. 2022 ൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിക്കുകയും ചെയ്തു. ഇത്തവണ ഗിന്നസ് റെക്കോർഡ് ആണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ലക്ഷ്യം.