പീരുമേട് എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ വാഴൂർ സോമന്‍റെ വിയോഗത്തില്‍ വൈകാരികമായ ഫെയ്സ്ബുക്ക് കുറിപ്പുമായി മന്ത്രി കെ രാജന്‍. തിരുവനന്തപുരത്ത് ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണാണ് വാഴൂർ സോമന്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
അവസാന ശ്വാസത്തിലും സോമേട്ടന്‍ സംസാരിച്ചത് പീരുമേട്ടിലേയും ഇടുക്കിയിലേക്കും ജനങ്ങള്‍ക്കു വേണ്ടിയായിരുന്നുവെന്ന് മന്ത്രി കെ രാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. റവന്യൂ വകുപ്പ് ആവിഷ്‌ക്കരിച്ച വിഷന്‍ & മിഷന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചാമത് ജില്ലാ റവന്യൂ അസംബ്ലിയിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത് സംസാരിച്ചത്. തോട്ടം തൊഴിലാളികളുടെ വിഷയങ്ങളും മണ്ഡലത്തിലെ പട്ടയ വിഷയങ്ങളും, കുടിയേറി താമസിച്ചവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ട വിഷയങ്ങളെ കുറിച്ചുമെല്ലാം ഊര്‍ജ്ജസ്വലമായി അദ്ദേഹം സംസാരിച്ചു. അവസാനം മന്ത്രി എന്ന നിലയില്‍ എന്റെ മറുപടി പ്രസംഗവും കേട്ട ശേഷം നന്ദി പറഞ്ഞു ഇറങ്ങുമ്പോഴാണ് അദ്ദേഹം കുഴഞ്ഞു വീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം നമ്മോട് വിട പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ ഉജ്ജ്വലനായ നേതാവിനെയാണ് നമുക്ക് നഷ്ടമായത്. അവരുടെ അവകാശം സംരക്ഷിക്കുന്നതിനു വേണ്ടി ഏതറ്റവും വരെ പോകുന്ന നേതാവായിരുന്നു അദ്ദേഹം. തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കൊപ്പം സജീവമായി അദ്ദേഹം ഉണ്ടായിരുന്നു. കൊക്കയാറില്‍ ദുരന്തം നടന്ന സമയത്ത് സജീവമായ ഇടപെടലാണ് അദ്ദേഹം നടത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരന്തത്തില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും വേണ്ടി ഫലപ്രദമായ ഇടപെടല്‍ നടത്തിയ ജനപ്രതിനിയെയാണ് നമുക്ക് നഷ്ടമായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ് സഖാവിന്റെ വിയോഗം. തോട്ടം മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനും തൊഴിലാളികളെ പാര്‍ട്ടിക്കു കീഴില്‍ അണി നിരത്താനും അദ്ദേഹത്തിനായി. അപ്രതീക്ഷിതമായ ഈ വിട പറച്ചില്‍ തികച്ചും വേദനാജനകമാണെന്നും അദ്ദേഹം കുറിച്ചു.