കാമുകന്‍ മതം മാറാൻ നിർബന്ധിച്ചതിന് കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന റമീസിനും പെൺകുട്ടിക്കും ഇടയില്‍ പ്രശ്നങ്ങൾ ഉടലെടുത്തത് ഈയിടെയാണ്. ഏറെനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 

'ഇടപ്പള്ളി സെക്‌സ് വർക്കേഴ്‌സ്' എന്ന് റമീസ് ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെയും ഇടപ്പള്ളിയിലോട്ട് യാത്ര ചെയ്തതിന്‍റെയും റൂട്ട് മാപ്പ് പെൺകുട്ടി കണ്ടെത്തിയിരുന്നു. ഇക്കാര്യം റമീസിനോട് ചോദിച്ചതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഇതാണ് തർക്കങ്ങൾക്ക് തുടക്കമായത്. 

റമീസിന്‍റെ സെര്‍ച്ച് ഹിസ്റ്ററി കണ്ട പെണ്‍കുട്ടി ആകെ വിഷമത്തിലായിരുന്നു. റമീസ് സെക്‌സ് വർക്കേഴ്‌സിന്‍റെ അടുത്ത് പോയെന്ന് പെൺകുട്ടി റമീസിന്റെ വാപ്പയോട് തുറന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് ദേഷ്യപ്പെടുകയും റമീസിനെ തല്ലുകയും ചെയ്തു. തുടർന്ന് വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ റമീസ് മതംമാറിയാൽ മാത്രമേ കല്യാണം നടക്കൂ എന്ന് തറപ്പിച്ചുപറഞ്ഞു. ഫോണ്‍ വിളിച്ചിട്ടും എടുക്കാതായതോടെ, റമീസ് തന്നെ അവഗണിക്കുകയാണെന്ന്  പെൺകുട്ടിക്ക് തോന്നി. കൂട്ടുകാരി വഴി റമീസുമായി സംസാരിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. അതോടെയാണ് കുറിപ്പെഴുതി വച്ചതിനുശേഷം അവള്‍ ആത്മഹത്യ ചെയ്തത്.  

അതേസമയം, പ്രധാന പ്രതിയായ റമീസിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ സേലത്തുള്ള ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ രഹസ്യവിവരത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസില്‍ റമീസിന്റെ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ഷെരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യപ്രേരണ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.പെൺകുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ആൺ സുഹൃത്ത് റമീസിനൊപ്പം റമീസിന്‍റെ മാതാപിതാക്കളെ കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. റമീസ് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും, മതം മാറാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. കൂടാതെ, മരിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ 'പൊയ്ക്കോളൂ' എന്ന് പറഞ്ഞ് പ്രേരിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് കണ്ടെത്തി. 

മാതാപിതാക്കൾക്കും ഈ സംഭവങ്ങളിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് ഇരുവരെയും പ്രതിചേർത്തത്. റമീസിനെ ആദ്യം പ്രതിചേർത്ത് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണത്തിന് ശേഷമാണ് മാതാപിതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇരുവരെയും അന്വേഷിച്ച് പലതവണ അന്വേഷണസംഘം വീട്ടിലെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. 

പിന്നാലെയാണ് രഹസ്യവിവരത്തെത്തുടർന്ന് സേലത്ത് നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കോതമംഗലത്തേക്ക് കൊണ്ടുവരും. തുടർന്ന് റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. റമീസിനും മരിച്ച പെൺകുട്ടിക്കും പൊതു സുഹൃത്തായ സഹദിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. സഹദിന്റെ സാന്നിധ്യത്തിൽ യുവതിയെ റമീസ് മർദ്ദിച്ചിരുന്നു. ഇത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ.

ENGLISH SUMMARY:

More details have emerged regarding the suicide of a 23-year-old woman in Kothamangalam, who took her own life after her boyfriend allegedly pressured her to convert. Problems arose recently between the woman and her fiancé, Ramees, whom she was planning to marry. Police discovered that the Google accounts of the two, who had been in a long-term relationship, were linked.