കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ച മലയാളിയായ സച്ചിന്‍ മരണത്തിന് തലേദിവസം വിഷമദ്യത്തെ പറ്റി അമ്മയോട് സംസാരിച്ചിരുന്നതായി ബന്ധു. അരമണിക്കൂറോളം വീട്ടുകാരുമായി സംസാരിച്ചിരുന്നെന്നും തൊട്ടടുത്ത ദിവസം ഈ വാര്‍ത്ത വന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അമ്മാവൻ നാരായണൻ പറഞ്ഞു. കണ്ണൂർ ഇരിണാവ് സ്വദേശിയാണ് മരിച്ച 31 കാരനായ സച്ചിന്‍.
'സച്ചിൻ ബുധനാഴ്ച വൈകിട്ടും അമ്മയെ ഫോണിൽ വിളിച്ചിരുന്നു. വിഷ മദ്യ ദുരന്തത്തെക്കുറിച്ച് കേട്ടതായി അമ്മ സച്ചിനോട് പറഞ്ഞു. അതിലേക്കൊന്നും പോകരുതെന്ന് സച്ചിനോട് അമ്മ പറഞ്ഞു. എന്നിട്ടും മദ്യപിച്ചു എന്നാണ് സംശയം' എന്നും നാരായണന്‍ പറഞ്ഞു.
കുവൈത്തിൽ ഹോട്ടലിൽ ക്യാഷ്യറായി ജോലി ചെയ്യുകയായിരുന്ന സച്ചിൻ അഞ്ച് മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. ആറു വര്‍ഷം മുന്‍പാണ് സച്ചിന്‍റെ വിവാഹം കഴിഞ്ഞത്. അഞ്ചു വയസുള്ള മകളുണ്ട്. രാവിലെയോടെ മൃതദേഹം കണ്ണൂരിലെ വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകള്‍ നടത്തി.