രണ്ട് കൊല്ലം മുമ്പ് മരണം കവര്‍ന്നെടുത്ത മകന്‍റെ കൈകള്‍ നെഞ്ചോട് ചേര്‍ത്ത് മുത്തമിട്ട് മാതാപിതാക്കള്‍ . മരണാനന്തര അവയവദാനത്തിന്‍റെ എല്ലാ മഹത്വവും വിളിച്ചോതി, അപകടത്തില്‍ മരിച്ച സാരംഗിന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളുടേയും കൈകള്‍ ദാനംകിട്ടിയ ഷിഫിന്‍റേയും കണ്ടുമുട്ടല്‍. മരണാനന്തര അവയവദാതാക്കളെ ആദരിക്കാന്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച സ്മൃതിവന്ദനം പരിപാടിയിലായിരുന്നു അപൂര്‍വകാഴ്ച.
രണ്ട് കൊല്ലം മുമ്പ് മരണം തട്ടിയെടുത്ത പൊന്നു മോന്‍ സാരംഗിന്‍റെ കൈകളില്‍ ബിനേഷ് കുമാറും രജനിയും ഒരിക്കല്‍ കൂടി മുറുകെ പിടിച്ചു.....പിന്നെ ചക്കരയുമ്മകള്‍ കൊണ്ട് മൂടി, കൊതി തീരുംവരെ... ഇന്ന് ആ കൈകളുടെ ഉടമയായ ഷിഫിന്‍ ആ മാതാപിതാക്കളെ ചേര്‍ത്തു പിടിച്ചു. 15 കൊല്ലം കൈപിടിച്ച് നടന്ന മകന്‍റെ ഒാര്‍മകളില്‍ ബിനേഷും രജനിയും വിതുമ്പി.
ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറഞ്ഞ് ഷിഫിന്‍. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ നികുഞ്ജത്തില്‍ ബിനേഷ് കുമാറിന്‍റേയും രജനിയുടേയും ഇളയമകനെ മരണം കവര്‍ന്നത് ഒാട്ടോ അപകടത്തിന്‍റെ രൂപത്തില്‍. 2023 മേയ് 17 ന്. പത്താംക്ളാസ് ഫലം കാത്തിരിക്കുകയായിരുന്നു ഫുട്ബോള്‍ താരംകൂടിയായിരുന്ന സാരംഗ്. മകന്‍റെ വിയോഗത്തിന്‍റെ തീവ്ര ദുഖത്തിനിടയിലും അവയവദാനത്തിന് മാതാപിതാക്കള്‍ എടുത്ത തീരുമാനം 6 പേര്‍ക്ക് പുതുജീവനേകി. അങ്ങനെയാണ് സാരംഗിന്‍റെ കൈകള്‍ പറവൂര്‍ സ്വദേശി ഷിഫിന് തുന്നിച്ചേര്‍ത്തത്. 2020ല്‍ ഫാക്ടറി ജോലിക്കിടയില്‍ യന്ത്രത്തില്‍ കുടുങ്ങിയാണ് ഷിഫിന്‍റെ കൈകള്‍ അറ്റുപോയത്. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യവകുപ്പിന്‍റെ ആദരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴാണ് സാരംഗിന്‍റെ മാതാപിതാക്കളും ഷിഫിനും കണ്ടുമുട്ടിയത്. ഇന്ന് നല്ല സ്ട്രോങ്ങാണ് ഷിഫിന്‍റെ കൈകള്‍ . സാരംഗിന്‍റെ ഒാര്‍മയ്ക്ക് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കപ്പ് സമ്മാനിച്ചതും അവന്‍റെ കൈകള്‍ തന്നെ. ആ കൈകളുടെ ബലത്തില്‍ വീണ്ടും ജോലിക്ക് കയറാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കിട്ടു ഷിഫിന്‍ . ജന്മം കൊടുത്ത മകന്‍ അകന്നുപോയപ്പോള്‍ ജീവിതം സമ്മാനിച്ച മകനെ അനുഗ്രഹിച്ചയ്ക്കുകയാണ് ആ അച്ഛനും അമ്മയും.