മരണത്തിലും നന്മ കൈവിടാതെ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ബിലീഷ്. മസ്തിഷ്കമരണം സംഭവിച്ച സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ബിലീഷിന്റ അവയവങ്ങള്‍ കുടുംബം ദാനം ചെയ്യാന്‍ തീരുമാനിച്ചതോടെ മൂന്ന് പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചത്.
ബിലീഷിന്റ ബന്ധുക്കളും അവയവം സ്വീകരിച്ചവരും ശസ്ത്രക്രിയ നടന്ന മേയ്ത്ര ആശുപത്രിയില്‍ ഒന്നിച്ചപ്പോഴുണ്ടായത് വൈകാരിക മുഹൂര്‍ത്തങ്ങള്‍.
നന്മയുടെ ലോകം എത്ര വലുതാണ് ആണെന്ന് കുഞ്ഞ് അദ്വിക് അറിഞ്ഞത് സെറ്റത്‍സ്‍കോപ്പിലൂടെ കേട്ട അച്ഛന്‍റെ ഹൃദയമിടിപ്പിലൂടെയാവും. കുമാരന്‍റെ നെഞ്ചിലൂടെ അദ്വിക് അച്ഛന്‍റെ താളം വീണ്ടും അറിയുമ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീരടക്കാനായില്ല. ബിലീഷിന്‍റെ നന്മയെ കുറിച്ച് പറയാന്‍ ഭാര്യ സിന്ധുവിനും വാക്കുകള്‍ കിട്ടിയില്ല.
പേരാവൂര്‍ ഗ്രേഡ് എസ്.ഐ.യായ കുമാരന് ആറുവര്‍ഷം മുമ്പാണ് ഹൃദയസംബന്ധമായ അസുഖം തുടങ്ങിയത്. ഹൃദയം മാറ്റിവെക്കാന്‍ പണം കണ്ടെത്താന്‍ വിഷമിച്ച കുമാരന്, സഹപ്രവര്‍ത്തകരും കുട്ടൂകാരും സഹായത്തിനെത്തി.
23 ലക്ഷം രൂപയാണ് പൊലീസ് സേനാംഗങ്ങള്‍ സ്വരൂപിച്ചത്. മേയ്ത്ര ആശുപത്രിയില്‍ ഡോ. മുരളിവെട്ടത്തിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഹൃദയശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു. ഉത്തരമേഖലാ ഐജി കെ.സേതുരാമന്‍, മേയ്ത്ര ഹോസ്പിറ്റല്‍ സിഇഒ നിഹാജ് ജി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.