വിഭജന ഭീതിദിനം കേരളത്തിലെ ഏതെങ്കിലും കാമ്പസില്‍ ആചരിക്കുമോ എന്ന ചോദ്യമാണ് സര്‍വകലാശാലകളിലും കാമ്പസുകളിലും സജീവ ചര്‍ച്ചയാകുന്നത്. എന്തുവന്നാലും ഇത് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ഭരണ –പ്രതിപക്ഷങ്ങള്‍ ഒരേ ശക്തിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ നിര്‍ദേശം വിസിമാര്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
വിഭജന ഭീതി ദിനം ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലക്കാകെ ഭാരമായി മാറുകയാണ്. 14ാം തീയതി വിഭജന ഭീതി ദനം എല്ലാ കാമ്പസുകളിലും ആചരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണര്‍രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശം. കേരളത്തിലെവിടെയും നടപ്പാക്കാനാവില്ലെന്ന് ഭരണ–പ്രതിപക്ഷങ്ങള്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. സ്വാതന്ത്യ ദിനത്തെ താഴ്ത്തിക്കെട്ടാന്‍ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവര്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഭരണഘടനാവിരുദ്ധവും സ്വാതന്ത്ര്യ സമരത്തെ പിന്നില്‍നിന്നു കുത്തുന്നതുമാണ് ഇത്തരം നീക്കങ്ങളെന്നാണ് പ്രതിപക്ഷനേതാവിന്‍റെ വാക്കുകള്‍. ഗവര്‍ണരുടെ നിര്‍ദേശം റജിസ്ട്രാര്‍മാര്‍ക്കു കൈമാറി മിക്ക വിസിമാരും കൈകഴുകി. എന്നാല്‍കേരള, കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാല വിസിമാര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നേരിട്ട് നിര്‍ദേശം കൈമാറി.
കേരളയില്‍ ഇത് ഊരാകുടുക്കായി. സര്‍ക്കുലര്‍ നല്‍കിയ കോളജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ തിരുത്തി പുതിയതിറക്കി, തൊട്ടു പിറകെ സ്ഥാനം ഒഴിയുകയും ചെയ്തു. ഇനി ഗവര്‍ണരും കേരള, കെടിയു കണ്ണൂര്‍വിസിമാരും എന്തു നടപടി എടുക്കുമെന്നാണ് സര്‍ക്കാരും പ്രതിപക്ഷവും വിദ്യാര്‍ഥിസംഘടനകളും ഉറ്റുനോക്കുന്നത്.