തിരുവനന്തപുരം കട്ടയ് ക്കോട് സഹകരണ ബാങ്കിലും കോടികളുടെ ക്രമക്കേടെന്ന് പരാതി. നിക്ഷേപം തിരികെ നല്‍കാനാവുന്നില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രസിഡന്‍റ് രാജിവച്ചു. ബാങ്കിനെതിരെ സഹകരണ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ചിട്ടിത്തുകയും സ്ഥിരനിക്ഷേപവും മടക്കിക്കൊടുക്കാന്‍ കഴിയാതെയുള്ള പ്രതിസന്ധിയിലാണ് കട്ടയ്ക്കോട് ബാങ്ക്. നിക്ഷേപം തിരികെക്കിട്ടാന്‍ ദിവസേന കയറിയിറങ്ങുന്നവരുടെ എണ്ണവും കൂടുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബാങ്കിനെതിരെ വകുപ്പുതല അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ ബാങ്കില്‍ 1988 തുടങ്ങി പ്രസിഡന്‍റായിരുന്ന എസ്.സുബ്രഹ്മണ്യം രാജിവച്ചു. ചിട്ടിത്തുക പോലും നല്‍കുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി.
ബാങ്കില്‍ 53 കോടിയുടെ നിക്ഷേപമുണ്ടായിരുന്നെങ്കിലും എട്ട് മാസത്തിനിടെ 18 കോടി രൂപ പിന്‍വലിച്ചു. ഇതോടെ ബാങ്ക് പ്രതിസന്ധിയിലായി. വായ്പാ കുടിശിക പിരിച്ചെടുക്കുന്നതിന്‍റെ ഭാഗമായി നിരവധി ഭൂമി ജപ്തി ചെയ്തെങ്കിലും പണം ഈടാക്കാനുള്ള നടപടി പൂര്‍ത്തിയായില്ല.
സമീപത്തെ കണ്ടല ബാങ്കിന്‍റെ തകര്‍ച്ചയും ലോണ്‍ തുകകളുടെ തിരിച്ചടവ് നിലച്ചതുമാണ് പ്രതിസന്ധിയിലേക്ക് നീങ്ങിയതിന്‍റെ കാരണമെന്നാണ് വിശദീകരണം. പണം തിരികെ കിട്ടാതെ വന്നതോടെ ഓരോ ദിവസവും കൂടുതല്‍ നിക്ഷേപകര്‍ ബാങ്കിനെതിരെ പരാതിയുമായെത്തുന്നുണ്ട്.