കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുപ്പ് സംഘർഷത്തിൽ സ്ഥലത്തില്ലാതിരുന്ന നേതാക്കൾക്കെതിരെ വധശ്രമ കേസെടുത്തതിൽ പരാതിയുമായി കെ.എസ്.യുവും, എം.എസ്.എഫും. സംഭവ സമയം കേസിൽ ഒന്നാം പ്രതിയായ ഹരികൃഷ്ണൻ പാളാട്, മൂന്നാംപ്രതി സഫ്വാൻ എന്നിവർ മറ്റ് സ്ഥലങ്ങളിലായിരുന്നതിന്റെ തെളിവുകൾ പുറത്തുവന്നു. സിപിഎം നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്ന് നേതാക്കളുടെ ആരോപണം.
കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് 24 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കേസിലെ ഒന്നാംപ്രതി ഉൾപ്പെടെ സംഭവ സമയത്ത് സ്ഥലത്ത് ഇല്ലായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്.
ഈ കേസിൽ ഒന്നാം പ്രതിയായ കെഎസ്‌യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് ഹരികൃഷ്ണൻ പാളാട് സംഭവസമയം കോളയാട് വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. തെളിവായി ചിത്രങ്ങൾ കെഎസ്‌യു പുറത്തുവിട്ടു.
മയ്യിൽ പഞ്ചായത്ത് എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായ സഫ്വാൻ കേസിലെ മൂന്നാം പ്രതിയാണ്. അക്രമ സമയത്ത് സഫ്‌വാൻ ചെക്കിക്കുളത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറക്കുകയായിരുന്നു. സിപിഎം ഓഫീസിൽ നിന്ന് ബോധപൂർവം നൽകിയ പട്ടിക അനുസരിച്ചാണ് കേസിൽ പ്രതിച്ചേർത്തതെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു.
അക്രമ സംഭവങ്ങളിൽ 220 പേർക്കെതിരെ പൊലീസ് ആദ്യം കേസെടുത്തിരുന്നു. അക്രമ സമയത്ത് സ്ഥലത്തില്ലാത്തവരുടെ പേരിൽ കേസെടുത്തതിൽ എസ്പിക്ക് പരാതി നൽകിയിരിക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.