ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമി തരംമാറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇതില്‍ കേസെടുക്കാന്‍ നടപടി തുടങ്ങി ലാന്‍ഡ് ബോര്‍ഡ്. മുസ്‍ലിം ലീഗിനും മുന്‍ ഭൂഉടമകള്‍ക്കും എതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണല്‍ ലാന്‍ഡ് ബോര്‍ഡ് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു.
ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി മുസ്‌ലിം ലീഗ് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ വാങ്ങിയ 11.2 ഏക്കര്‍ ഭൂമിയാണ് വലിയ നിയമക്കുരുക്കിലേക്ക് നീങ്ങുന്നത്. വില്‍പ്പനയ്ക്ക് ശേഷം സ്ഥലത്തെ കാപ്പിച്ചെടികള്‍ പിഴുതുമാറ്റി തരംമാറ്റം നടന്നുവെന്ന് സോണല്‍ ലാന്‍ഡ് ബോര്‍ഡിന്‍റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തോട്ടഭൂമിയാണ് വിറ്റതെന്ന് മുന്‍ ഭൂഉടമകളില്‍ ഒരാളും മൊഴി നല്‍കി. ഭൂപരിഷ്കരണ നിയമം 105– എ വകുപ്പ് പ്രകാരം അന്വേഷണം പൂര്‍ത്തിയായി.
തരംമാറ്റം നടത്തിയതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോണല്‍ ലാന്‍ഡ് ബോര്‍ഡ് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു. ഇതില്‍ നടപടി വന്നാല്‍ ഉടമസ്ഥരായ ലീഗും അഞ്ച് മുന്‍ ഭൂഉടമകളും പ്രതികളാകും. സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങും. അതേസമയം, ഇത് പ്ലാന്‍റേഷന്‍ ആക്ടില്‍ ഉള്‍പ്പെടുന്ന ഭൂമി അല്ലെന്നും ലാന്‍ഡ് ബോര്‍ഡിന്‍റെ നടപടി ബാധകമാകില്ലെന്നും ലീഗ് നേതൃത്വം ആവര്‍ത്തിക്കുകയാണ്.
ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന 68 വീടുകള്‍ക്ക് ടൗണ്‍ പ്ലാനര്‍ ലേഔട്ടിന് അനുമതി നല്‍കിയതിന് പിന്നാലെ ബില്‍ഡിങ് പെര്‍മിറ്റിനായി ലീഗ് സമര്‍പ്പിച്ച അപേക്ഷ മേപ്പാടി പഞ്ചായത്തിന്‍റെ പരിഗണനയിലാണ്. ലാന്‍ഡ് ബോര്‍ഡില്‍ നിന്ന് പ്രതികൂല വിധി വന്നാല്‍ കോടതിയിലേക്ക് നീങ്ങാനും ലീഗ് നേതൃത്വം ആലോചിക്കുന്നു.