പൂമ്പൊടി തേനായി മാറുന്നത് കണ്ടിട്ടുണ്ടോ? മാസങ്ങളോളം തേനിൽ സൂക്ഷിച്ച ചക്കയും ഇഞ്ചിയും വെളുത്തുള്ളിയും രുചിച്ചിട്ടുണ്ടോ? ശരീരത്തിന് ദോഷമുണ്ടാക്കാത്ത തേൻ കോള കുടിച്ചിട്ടുണ്ടോ? തേൻ രുചികൾ അടുത്തറിയാൻ ഹോർട്ടികോർപ്പിന്റെ മാവേലിക്കര കല്ലിമേൽ തേനീച്ച വളർത്തൽ കേന്ദ്രത്തിലേക്ക് വിട്ടോളൂ.
രാജ്യത്തെ ആദ്യത്തെ തേനീച്ച സസ്യപാർക്കാണ് 2018ൽ പ്രവർത്തനം തുടങ്ങിയ മാവേലിക്കര കല്ലുമല തേനീച്ച വളർത്തൽ കേന്ദ്രം. തേനിന്റെ പ്രത്യേകതകൾ പ്രയോജനപ്പെടുത്തി പുത്തൻ പരീക്ഷണങ്ങൾ നടത്തും. അത് പ്രത്യേക രുചിയിൽ വ്യത്യസ്ത രീതികളിൽ ജനങ്ങളിലേക്ക് എത്തിക്കും.
ചെറുതേനീച്ചകളുടെയും ഇന്ത്യൻ തേനീച്ചകളുടെയും 200ലധികം കൂടുകൾ ഇവിടെയുണ്ട്. കർഷകരിൽ നിന്നും തേൻ ശേഖരിക്കും. അവയുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് സംസ്കരിച്ചും അല്ലാതെയും വിപണിയിൽ എത്തിക്കുന്നത്. മൂന്ന് ഏക്കറിലെ തേനീച്ച വളർത്തൽ കേന്ദ്രം ഹണി മ്യൂസിയമായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. തേനും തേൻ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് നേരിട്ട് കണ്ട് വാങ്ങാനും കേന്ദ്രത്തിൽ സൗകര്യമുണ്ട്.