രാഷ്ട്രീയ നേതാക്കന്മാര്‍ മൈതാനപ്രസംഗ ശൈലി മാറ്റണമെന്നും, രാഹുല്‍ ഗാന്ധിയെ പോലെ വസ്തുത വെച്ച് സംസാരിക്കണമെന്നും മുരളി തുമ്മാരുകുടി. രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പത്ര സമ്മേളനം പല കാരണങ്ങളാൽ തന്നെ ആകർഷിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അദ്ദേഹം ഉയർത്തിയ വിഷയം തീർച്ചയായും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയെപ്പറ്റിയുള്ളതാണ്. ശ്രദ്ധ അർഹിക്കുന്നതുമാണ്.
പക്ഷെ ഒരു വിഷയം അവതരിപ്പിക്കുന്നതിന് മുൻപ് നടത്തിയ ശ്രദ്ധാപൂർവ്വമായ ഗവേഷണവും വിശകലനവും സാധാരണഗതിയിൽ നമ്മൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നേതാക്കളിൽ നിന്നും കാണാറില്ലാത്തതാണ്. മാതൃകാപരമാണ്. മറ്റു രാഷ്ട്രീയ പാർട്ടികളും നേതാക്കളും വിഷയങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ മൈതാനപ്രസംഗ ശൈലിയിൽ നിന്നും മാറി വസ്തുതകളെ അടിസ്ഥാനപ്പെടുത്തി സംസാരിച്ചാൽ എത്ര നന്നായിരിക്കും.
നമ്മുടെ ഒരു രാഷ്ട്രീയ കക്ഷിയിലെ ഉന്നത നേതാവ്, അതും ഇന്ത്യയിലെ ഒരു മന്ത്രിയോ, പ്രതിപക്ഷനേതാവോ ഒന്നും ഒരു പവർ പോയിന്റുമായി ഒരു മണിക്കൂർ സംസാരിക്കുന്നത് ഇത് വരെ കണ്ട ഓർമ്മ എനിക്കില്ല. ഇതൊരു തലമുറ മാറ്റമാണ്. അനുകരണീയമാണ്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനം പൊതുവെ വളരെ ഉയർന്ന നിലവാരം ഉള്ളതാണെന്നാണ് കരുതപ്പെടുന്നത്. അനവധി രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ഉള്ളവർക്ക് പരിശീലനം നൽകുന്നത് ഇന്ത്യയാണ്.
അതുകൊണ്ട് തന്നെ വസ്തുതകൾ ഉയർത്തിക്കാട്ടി രാഹുൽഗാന്ധി നടത്തിയ പത്രസമ്മേളനത്തിലെ വിഷയങ്ങൾ ഇലക്ഷൻ കമ്മീഷൻ ശ്രദ്ധിക്കും എന്ന് തന്നെയാണ് കരുതുന്നതെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന ആരോപണം കടുപ്പിച്ചിരിക്കുകയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ അടക്കം കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായും രാഹുൽ സമ്മേളനത്തിൽ ആരോപിച്ചു. ഇതിന്‍റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
‘കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു. മഹാരാഷ്ട്രയിലെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷൻ വോട്ടർ പട്ടിക നൽകിയില്ല. സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. ഇതിനായി കമ്മിഷൻ നയം മാറ്റിയെന്നും രാഹുല്‍ പറഞ്ഞു.ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാരാണെന്നു കണ്ടെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പിക്കാനായത് വോട്ടുതട്ടിപ്പിലൂടെ ലഭിച്ച സീറ്റുകളിലൂടെയാണ് . രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ, 2014 മുതൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണെന്നും രാഹുൽ വ്യക്തമാക്കി.
ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചു. ഇതിനായി ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.