വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിനു മുന്‍പേ ബാക്ക് ബെഞ്ചേഴ്സ് ഇല്ലാതാക്കി കൊല്ലം വാളകം ആര്‍.വി.വി.എച്ച്.എസ്.എസ്. കഴിഞ്ഞ അധ്യായനം വര്‍ഷം മുതല്‍ യു ആകൃതിയില്‍ ബെഞ്ചുകള്‍ ക്രമീകരിച്ച ഇവിടെ ആരും ഫ്രണ്ട് ബെഞ്ചുകാരില്ല. നേരത്തെ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളളയും ഇപ്പോള്‍ മന്ത്രി കെ.ബി.ഗണേഷ്കുമാറുമാണ് വാളകം ആര്‍.വി.വി.എച്ച്.എസ്.എസ് സ്കൂള്‍ മാനേജര്‍.
വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇപ്പോഴേ ഉണ്ടായുള്ളു. എന്നാല്‍ കഴിഞ്ഞ അധ്യായന വര്‍ഷമേ വാളകം ആര്‍.വി.എച്ച്. എസ്.എസില്‍ ബാക്ക്ബെഞ്ചേഴ്സിനെ ഒഴിവാക്കി. ബാക്ക് ബെഞ്ചിനു പകരം യു ആകൃതിയില്‍ ബെഞ്ചുകള്‍ ക്രമീകരിച്ചതിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാമെന്നാണ് പിടിഎയും അധ്യാപകരും തീരുമാനിച്ചത്. ഇതിന്‍റെയടിസ്ഥാനത്തിലായിരുന്നു ബെഞ്ച് പരിഷ്കരണം. പിന്‍ ബെഞ്ചിലിരിക്കുന്നവര്‍ക്ക് ആ അരക്ഷിതാവസ്ഥ എക്കാലവും വേട്ടയാടും , യു ആകൃതിയിലാകുമ്പോള്‍ ആരും മുന്നിലുമില്ല, പിന്നിലുമില്ല. വിദ്യാര്‍ഥികളിലും തുല്യതാ ബോധം വരുമെന്ന് അധ്യാപകര്‍ പറയുന്നു.
ക്ലാസ് മുറികള്‍ക്ക് നല്ല വലുപ്പക്കൂടുതലില്ലെങ്കില്‍ പരിഷ്കാരം പാളുമെന്നും അധ്യാപകര്‍ കൂട്ടിച്ചേര്‍ക്കുന്നു , മാത്രമല്ല വിദ്യാര്‍ഥികള്‍ കൂടുതലുണ്ടെങ്കിലും ബഞ്ച് മാറ്റം ശരിയായ രീതിയില്‍ നടപ്പാക്കാനാകില്ല. മുന്നിലും പിന്നിലും ആയി ബഞ്ച് ക്രമീകരിക്കത്തക്ക വിധത്തിലാണ് മിക്ക സ്കൂളുകളിലും ക്ലാസ് മുറികളിലെ വലുപ്പം ക്രമീകരിച്ചിരിക്കുന്നത്. അതായത് പ്രഖ്യാപനം മാത്രം പോര. ക്ലാസ് മുറികള്‍ വലുതാക്കാനുള്ള ഫണ്ടും കൂടി കണ്ടെത്തണമെന്നര്‍ഥം.