രണ്ടു വർഷവും അഞ്ചു മാസവും പിന്നിട്ട് എറണാകുളം കലക്ടർ എൻ.എസ്.കെ. ഉമേഷ് പദവിയൊഴിയുന്നത് സിവിൽ സർവീസിലെ ജനകീയ മുഖം എന്ന പേര് സമ്പാദിച്ചാണ്. ബ്രഹ്മപുരത്ത് ആളിക്കത്തിയ തീ അണയ്ക്കാനായി എത്തിയ കലക്ടർ ഉമേഷ് ജനങ്ങൾക്കിടയിലും തീപോലെ ജ്വലിച്ചു നിന്നു.
തങ്ങളുടെ പ്രിയ കലക്ടർ പടിയിറങ്ങുമ്പോൾ ഇതുവരെ കാണാത്ത തരത്തിൽ ഏറെ വ്യത്യസ്തമായ യാത്രയയപ്പാണ് ഉമേഷിനായി കലക്ടറേറ്റ് ജീവനക്കാർ ഒരുക്കിയത്. ചേമ്പറിൽ നിന്ന് മുത്തുകുടകളുടെ അകമ്പടിയോടെ കലക്ടറെ യാത്രയയപ്പ് വേദിയിലേക്ക് ആനയിച്ചത്. ചെണ്ടക്കൊട്ടിയും ഡാൻസ് കളിച്ചും കയ്യടിച്ചും ജീവനക്കാർ തങ്ങളുടെ സ്നേഹം പ്രകടമാക്കി. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കലക്ടറെന്ന അംഗീകാരവും എൻഎസ്കെ ഉമേഷ് ഐഎഎസിനെ തേടിയെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ ഉമേഷിന് ആറര ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്.