കാഴ്ചയുറയ്ക്കും മുന്‍പ് തന്നെ ഉപേക്ഷിച്ചുപോയ പെറ്റമ്മയെ തേടി ഒരു മകള്‍. നാല്‍പത്തിരണ്ടുവര്‍ഷം മുന്‍പ് എറണാകുളം സെന്‍റ് തെരേസാസ് കോളജ് ക്യാംപസിലുണ്ടായിരുന്ന അനാഥാലയത്തിലെത്തിയ പെണ്‍കുഞ്ഞിനെ ദത്തെടുത്തത് ബല്‍ജിയം ദമ്പതികളായിരുന്നു. പെറ്റമ്മയെയും തന്‍റെ കുടുംബവേരുകളും കണ്ടെത്തണമെന്ന ആഗ്രഹത്തില്‍‌ വര്‍ഷങ്ങള്‍ക്കിപ്പുറം കൊച്ചിയില്‍ തിരിച്ചെത്തി താമസമുറപ്പിക്കുകയാണ്.

1983 ഡിസംബര്‍ 31. സെന്‍റ് തെരേസാസ് കോളജ് ക്യാംപസില്‍ അക്കാലത്തുണ്ടായിരുന്ന മന്‍സില്‍ എന്ന അനാഥാലയത്തില്‍നിന്ന് ഒരുവയസ്സുപിന്നിട്ട പെണ്‍കുഞ്ഞിനെ യാത്രയാക്കുകയാണ് സിസ്റ്റര്‍ തെരേസിറ്റയും സിസ്റ്റര്‍ ബ്രിജിറ്റും. ആറുമാസം മാത്രം പ്രായമുള്ളപ്പോള്‍ കിട്ടിയ കുഞ്ഞിന് നിഷ എന്നവര്‍ പേര് നല്‍കിയിരുന്നു.

ബെല്‍ജിയം ദമ്പ‌തികളായ എറിക്കും മാര്‍ടീനിയും അവള്‍ക്ക് അച്ഛനും അമ്മയുമായി. അവരില്‍നിന്നാണ് പില്‍ക്കാലത്ത് എവിടെയോ ജീവിച്ചിരിപ്പുണ്ടായേക്കാവുന്ന തന്‍റെ പെറ്റമ്മയേയും കൊച്ചിയിലെ അനാഥാലയത്തെയും കുറിച്ച് നിഷ അറിഞ്ഞത്. പക്ഷേ താന്‍ ഒരു അമ്മയായപ്പോഴാണ് തന്‍റെ പെറ്റമ്മയും അവര്‍ തന്നെ ഉപേക്ഷിച്ച് കടന്നുപോയിട്ടുണ്ടാകാവുന്ന സാഹചര്യങ്ങളും മനസില്‍ വൈകാരികമായി നിറഞ്ഞതെന്നും പറയുന്നു നിഷ. അങ്ങനെയാണ് വീണ്ടും പഴയ ആ അനാഥാലയം പ്രവര്‍ത്തിച്ചിരുന്ന സെന്‍റ് തെരേസാസ് കോളജ് മുറ്റത്തേക്ക് എത്തിയതും. അമ്മയെ അറിയാന്‍.

പക്ഷേ ഇന്ന് നിഷയെ സഹായിക്കാന്‍ ആ പഴയ തലമുറയില്‍പ്പെട്ടവര്‍ ആരും ഇവിടെയില്ല. അന്നുണ്ടായിരുന്ന സിസ്റ്റര്‍ ബ്രിജിറ്റ് കോട്ടയം എന്‍.എസ്.ഐ കോണ്‍വന്‍റില്‍ വിശ്രമജീവിതത്തിലാണ്. എണ്‍പതുവയസുള്ള സിസ്റ്ററെ സെന്‍റ് തെരേസാസ് കോളജില്‍നിന്ന്  ബന്ധപ്പെട്ടെങ്കിലും അക്കാലം ഓര്‍മയിലെ മറവിലാണ്. പക്ഷേ അമ്മ എന്ന വികാരത്തോളം മറ്റൊന്നില്ല. ഞാനിവിടെയുണ്ടെന്ന് ആ അമ്മ അറിയണമെന്ന ആഗ്രഹമാണ് നിഷയുടെ ഉള്ളുനിറയെ. ഇക്കാണുന്ന തന്നെ അല്ലെങ്കില്‍ ആ പഴയ ഫോട്ടോ, അത് ആ  പെറ്റമ്മയ്ക്ക് തിരിച്ചറിയാന്‍ കഴിയില്ലേ എന്ന് ചോദിക്കുകയാണ് നിഷ.

തന്നെ ഉപേക്ഷിച്ച കാലത്തെ അതേകാരണങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന സമൂഹത്തെ മുന്‍നിര്‍ത്തി നിഷ പറയുന്നു. ആരെയും കുറ്റപ്പെടുത്താനില്ല. ആ അമ്മയെ ഒന്ന് കാണണം. ആ അമ്മയെ അറിയാതെ മരിക്കുക വയ്യ എന്ന്.

ENGLISH SUMMARY:

A daughter searches for the mother who abandoned her before even seeing her. Forty-two years ago, a newborn girl at an orphanage within the St. Teresa’s College campus in Ernakulam was adopted by a couple from Belgium. Driven by a deep desire to find her birth mother and family roots, she has now returned to Kochi after many years and has begun staying there in the hope of finding answers.