ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരണപ്പെട്ട വാര്‍ത്ത പങ്കുവെച്ച്, ചില സംശയങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബെല്‍റാം. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും രണ്ടാമത്തെ ആൾക്കായുള്ള തെരച്ചിൽ നടക്കുന്നതായും വാർത്തകളിലുണ്ടെന്നും, എന്നാല്‍ നിർമ്മാണച്ചുമതല ആര്‍ക്കാണെന്ന കാര്യം ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

'ഇന്നുച്ചക്കാണ് ഈ സംഭവമുണ്ടായത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിരവധി മാധ്യമ വാർത്തകൾ പരിശോധിച്ചപ്പോഴും ആർക്കാണ് അല്ലെങ്കിൽ ഏത് വകുപ്പിനാണ് പാലത്തിന്റെ നിർമ്മാണച്ചുമതല എന്നത് മാത്രം എവിടെയും കാണാനില്ല. ചെട്ടിക്കുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കാനുദ്ദേശിച്ചായിരുന്നു പാലം നിർമ്മിക്കുന്നത് എന്ന് വാർത്തകളിൽ കാണുന്നു.

എന്നാൽ നിർമ്മാണച്ചുമതല പിഡബ്ല്യുഡിക്കാണോ, തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിനാണോ അതോ കിഫ്ബി പോലുള്ള മറ്റേതെങ്കിലും സംവിധാനത്തിനാണോ എന്ന കാര്യം ഒരു മാധ്യമ വാർത്തയിൽപ്പോലും പരാമർശിക്കാതെ പോവുന്നത് ആശ്ചര്യകരമാണ്. കോൺട്രാക്ടറെക്കുറിച്ചും എവിടെയും പരാമർശമില്ല.

ഊരാളുങ്കൽ പോലെ ഏതെങ്കിലും ഏജൻസിയാണോ അതോ സ്വകാര്യ കോൺട്രാക്ടറാണോ എന്ന് വ്യക്തമല്ല. നിർമ്മാണത്തിനിടെ അപകടവും മരണവുമുണ്ടാകുന്ന ഏതൊരവസരത്തിലും ആരാണ് നിർമ്മാണച്ചുമതലയുള്ളവർ എന്നത് വാർത്തയുടെ ഒരു പ്രധാന ഘടകമാവേണ്ടതാണ് സാധാരണ ഗതിയിൽ. എന്നാലിവിടെ ഒരു മാധ്യമത്തിലും അതേക്കുറിച്ചുള്ള വിശദാംശങ്ങളില്ല എന്നതാണ് സംശയം ജനിപ്പിക്കുന്നത്. നമ്മുടെ മാധ്യമ പ്രവർത്തകർ അലസരായത് കൊണ്ടാണോ ഒരു പ്രധാന അപകടം പോലും ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ റിപ്പോർട്ട് ചെയ്യുന്നത്? അതോ മറ്റേതെങ്കിലും കാരണമുണ്ടോ?'– വിടി ബല്‍റാം ചോദിക്കുന്നു.