കലാഭവന്‍ നവാസിന്‍റെ അകാല മരണത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. ശനിയാഴ്ച ആലുവ ചൂണ്ടയിലെ വീട്ടിലും ആലുവ ടൗൺ ജുമാമസ്ജിദിലുമായി നടന്ന പൊതുദര്‍ശനത്തില്‍ സിനിമ ലോകത്തെ പലരും നവാസിെന കാണാനെത്തി. ഈ നിമിഷവും വിശ്വസിക്കാനാകാത്ത വിയോഗത്തിന്‍റെ വേദനയിലാണ് ഉറ്റവര്‍. നവാസിനെ അവസാനമായി കാണാനെത്തിയ ഓര്‍മ പങ്കുവെയ്ക്കുകയാണ് നടന്‍ ടിനി ടോം.
തിരുവനന്തപുരത്ത് സര്‍ക്കാറിന്‍റെ സിനിമ കോണ്‍ക്ലേവിന്‍റെ ഭാഗമായിരുന്ന ടിനി ടോം അവധിയെടുത്താണ് നവാസിനെ കാണാന്‍ ആലുവയിലേക്ക് തിരിച്ചത്. വീട്ടിലെത്തിയപ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നുവെന്നും കലാഭവന്‍ ഷാജോണിന്‍റെ വിഡിയോ കോളിലൂടെയാണ് നവാസിനെ അവസാനമായി കണ്ടതെന്നും ടിനി ടോം എഴുതി. ഞായറാഴ്ച കുടുംബ സമേതം വീട്ടിലേക്ക് എത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ക്ക് മുന്നില്‍ നിയന്ത്രണം വിട്ടുപോയെന്നാണ് ടിനി ടോം എഴുതിയത്.
'നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ്, അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി, ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ... അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്... സഹോദര വിട' എന്നാണ് ടിനി ടോം എഴുതിയത്.
വെള്ളിയാഴ്ച ചോറ്റാനിക്കരയിലെ ഹോട്ടലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നവാസ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നവാസിന് മുന്‍പും ഹൃദയാഘാതമുണ്ടായതിന്‍റെ ലക്ഷണം കണ്ടെത്തിയിരുന്നു. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന.
നെഞ്ചുവേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് വീണ് കിടന്നിരുന്നത് വാതില്‍ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തില്‍ നവാസിന്‍റെ തലയിലും മുറിവുണ്ടായി.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പിക്കാനും മാത്രംഅറിയാവുന്ന നമുക്ക് ഒത്തുകൂടാം ...