വേഴാമ്പലുകളുടെ സ്വര്‍ഗീയ ഇടമാവുകയാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി. മലമുഴക്കിയടക്കമുള്ള വേഴാമ്പലുകളുടെ എണ്ണം മേഖലയില്‍ ആശ്വാസകരമായ നിലയിലാണ്. നല്ല ആവാസവ്യവസ്ഥയും ഭക്ഷണലഭ്യതയുമാണ് നെല്ലിയാമ്പതിയെ വേഴാമ്പലുകള്‍ക്ക് പ്രിയപ്പെട്ട ഇടമാക്കുന്നത്.
നാലുതരത്തിലുള്ള വേഴാമ്പലുകളാണുള്ളത്. മലമ്പുഴക്കി വേഴാമ്പല്‍, കോഴിവേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, നാട്ടുവേഴാമ്പല്‍. നെല്ലിയാമ്പതി ഹൈറേഞ്ചില്‍ ഈ നാലുകൂട്ടരുമുണ്ട്. അവര്‍ക്കനുകൂലമാണ് ആവാസവ്യവസ്ഥ. ചുരം കയറി ഇവിടെയെത്തിയാല്‍ അവരുടെ ശബ്‌ദം കേള്‍ക്കാം, കൂറ്റന്‍മരങ്ങളുടെ പൊത്തുകളില്‍ നീളന്‍ കൊക്ക് നീട്ടിയിരുക്കുന്നത് കാണാം, ചിറകടി കേള്‍ക്കാം.
നെല്ലിയാമ്പതിയില്‍ മാത്രം 200 ലധികം വേഴാമ്പലുകളുണ്ടെന്നാണ് കണക്ക്. വംശനാശഭീഷണി നേരിടുന്ന പക്ഷിവര്‍ഗത്തിന്‍റെ ആശ്വാസകരമായ കണക്കാണിത്. അനുകൂല ആവാസവ്യവസ്ഥ, വേഴാമ്പലുകള്‍ ഭക്ഷണമാക്കുന്ന പത്തിരിപ്പൂ, മുളകുനാറി, ആല്‍പ്പഴങ്ങളടക്കമുള്ളവയുടെ ലഭ്യത എന്നിവയാണ് ഇവയുടെ വര്‍ധനവിനിടയാക്കിയത്. പാലക്കാട് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും വനംവകുപ്പും ചേര്‍ന്ന് വേഴാമ്പലുകളുടെ നിരീക്ഷണ– സംരക്ഷണങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
പറമ്പിക്കുളം, വാഴച്ചാല്‍, അതിരപ്പിള്ളി, വാല്‍പ്പാറ മേഖലകളിലും വേഴാമ്പലുകളെ കൂടുതലായി കാണുന്നുണ്ട്. നെല്ലിയാമ്പതിയിലെ വേഴാമ്പലുകള്‍ ഈയിടങ്ങളിലേക്കൊക്കെ ദേശാടനം നടത്താറുമുണ്ട്. കൃത്യമായ നിരീക്ഷണമുണ്ടായാല്‍ സംരക്ഷണ പദ്ധതിയുണ്ടായാല്‍ ഇവയുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന് വിലയിരുത്തല്‍.