സഹ്യസാനുവിനോളം അറിവിന്റെ തലപ്പൊക്കവുമായി സാംസ്കാരിക കേരളത്തെ കൈപിടിച്ചു നടത്തിയ ഗുരുശ്രേഷ്ഠൻ എം.കെ സാനു ഇനി ഓർമകളിലെ അസ്തമിക്കാത്ത വെളിച്ചം. അക്ഷര മലയാളത്തിന് അത്രമേൽ പ്രിയപ്പെട്ട സാനുമാഷിന്റെ ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു.
ഏറ്റവും അടുത്ത ചങ്ങാതി ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ എന്നും പറയാറുള്ള മരണാതീതലോകത്തേയ്ക്ക് സുഹൃത്തിന് കൂട്ടായ് സാനുമാഷും. മക്കളായ രഞ്ജിത്തും ഹാരിസും കൊച്ചുമകൻ രോഹനും ചിതയ്ക്ക് തീപകർന്നു. ചിതയണഞ്ഞാലും ചിന്തയുടെ വെളിച്ചം തലമുറകളെ വഴി നടത്തും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് ഭൗതികശരീരം രാവിലെ 9ന് കാരിക്കാമുറിയിലെ വസതിയായ സന്ധ്യയിലെത്തിച്ചു. തൊണ്ണൂറ്റിയേഴാം വയസിലും പൊതുപരിപാടികളാൽ സജീവമായിരുന്ന പകലുകൾക്കൊടുവിൽ എത്രയും വേഗം ഓടിയണയാൻ മാഷ് അത്രമേൽ കൊതിച്ചിരുന്ന ഇടം. സന്ധ്യ. എഴുത്തിന്റെ കാരണവരെ കണ്ട് അവസാനമായി യാത്ര പറയാൻ നിരവധിപേരെത്തി.
പിന്നെ പൊതുദർശനത്തിന് ടൗൺഹാളിലേയ്ക്ക്. നിരവധി തവണ വാക്കുകൾ കൊണ്ട് സാഗരഗർജനം തീർത്ത വേദിയിൽ നിശബ്ദനായി. കരഘോഷങ്ങൾക്ക് പകരം കണ്ണീർ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് തുടങ്ങി നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഇന്നലെ വൈകീട്ട് 5.35 നായിരുന്നു മരണം. മാഷിന് ഏറ്റവും പ്രിയപ്പെട്ട കുമാരനാശാന്റെ വരികൾ മാഷിന്റെ ജീവിതവും അടയാളപ്പെടുത്തും. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകി. മഷിയുനണങ്ങാത്ത പേനയ്ക്കും മറവിമായ്ക്കാത്ത മനീഷിക്കും താൽക്കാലിക വിശ്രമം.