ആർഭാടങ്ങൾ ഒന്നുമില്ലാതെ, പതിവ് രീതികളിൽ നിന്ന് വേറിട്ടൊരു വീട്. രേഖ വെള്ളത്തൂവൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റിട്ടയേഡ് എസ് ഐ കെ.കെ.രാമചന്ദ്രന്റെ സ്വപ്ന വീട്. എറണാകുളം കൂത്താട്ടുകുളം പുതുവേലിയിലെ വീട് പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ പണികഴിപ്പിച്ചതാണ്.
ചെലവ് 8 ലക്ഷം രൂപ. നാട്ടിലിതുവരെ കാണാത്ത തരത്തിലുള്ള ഡിസൈനിലുള്ള വീട്. കല്ലിനും തടിക്കും കോൺക്രീറ്റിനും പകരം ജിഐ പൈപ്പും വി- ബോർഡും തകര ഷീറ്റും. മഴയും കാറ്റും ശുദ്ധ വായുവും യഥേഷ്ടം വിരുന്നെത്തുന്നു. ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ കെ.കെ.രാമചന്ദ്രന് ഇത് തന്റെ സ്വപ്ന വീടാണ്. ഭാര്യ ശോഭയ്ക്കൊപ്പം നാലുവർഷമായി ഇവിടെയാണ് താമസം. ഇടയ്ക്ക് മക്കളും പേരക്കുട്ടികളുമെത്തും.
കൊച്ചിയിൽ സ്വന്തമായി വീടുണ്ടായിരുന്നിട്ടും, നാട്ടിൻപുറത്ത് സ്ഥിരതാമസമാക്കിയതിന് പിന്നിൽ ഒരു അഞ്ചാം ക്ലാസുകാരന്റെ സ്നേഹ ബന്ധത്തിന്റെ കഥയുണ്ട്. വിശ്രമ ജീവിതം ആണെങ്കിലും രാമചന്ദ്രന് വിശ്രമമേ ഇല്ല. വായനയും എഴുത്തും പരിസരം വൃത്തിയാക്കലും ഒക്കെയായി തിരക്കിലാണ് ഈ എഴുപതുകാരൻ.