വള്ളസദ്യയുടെ വിഭവങ്ങളോടെ ആറന്മുള ക്ഷേത്ര ഊട്ടുപുരയിൽ ദേവസ്വം ബോർഡ് നാളെ നടത്താനിരുന്ന സദ്യ റദ്ദാക്കി. ഇന്നലെ തിരുവനന്തപുരത്ത് നടത്താനിരുന്ന ചർച്ച പള്ളിയോട സേവാസംഘം ബഹിഷ്കരിച്ചു. തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് സംഘർഷം വേണ്ട എന്നാണ് സർക്കാർ നിർദ്ദേശവും.
ദേവസ്വം ബോർഡ് പ്രഖ്യാപിച്ച സദ്യയിൽ പങ്കെടുക്കാൻ 250 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. ക്ഷേത്രമുറ്റത്ത് പള്ളിയോടം ഇല്ലാതെ ആചാരലംഘനം നടത്തുന്നത് അനുവദിക്കില്ലെന്ന് പള്ളിയോട സേവാസംഘം നിലപാട് എടുത്തു. പള്ളിയോട സേവാ സംഘം കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് നാളത്തെ സദ്യ റദ്ദാക്കിയത്. മുൻകൂട്ടി ബുക്ക് ചെയ്ത് പണമടച്ചവർക്ക് പണം തിരികെ നൽകാനും തീരുമാനിച്ചു. ഇന്നലെ ചർച്ചയ്ക്ക് എത്തിയ എല്ലാവരെയും ചർച്ചയ്ക്ക് കയറ്റില്ലെന്ന് നിലപാട് എടുത്തതോടെയാണ് ബഹിഷ്കരണം ഉണ്ടായത്.
കഴിഞ്ഞ ഞായറാഴ്ച നടത്തിയ സദ്യയ്ക്കെതിരെ പള്ളിയോട സേവാസംഘം വഞ്ചിപ്പാട്ട് പാടി പ്രതിഷേധിച്ചിരുന്നു. പെയ്ഡ് സദ്യ റദ്ദാക്കിയത് അറിയാതെ നാളെ ആൾക്കാർ എത്തിയേക്കും. സംഘർഷം ഉണ്ടാകാതെ പ്രശ്നം പരിഹരിക്കാനാണ് തീരുമാനം.
വള്ളസദ്യയെ ജനകീയവൽക്കരിക്കാനാണ് ശ്രമിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് വിശദീകരിക്കുന്നു. ദേവസ്വം ബോർഡ് സദ്യ ഒഴിവായെങ്കിലും വഴിപാട് വള്ള സദ്യകൾ ഇന്ന് ക്ഷേത്രമുറ്റത്ത് നടക്കും. പതിറ്റാണ്ടുകളായി പള്ളിയോട കരകളുടെ കൂട്ടായ്മ നടത്തിവന്നിരുന്ന സദ്യ ഏറ്റെടുക്കാനായിരുന്നു ദേവസ്വം ബോർഡ് ശ്രമം