ശബരിമല സ്വര്‍ണക്കൊളള വിവാദത്തിന് പിന്നാലെ ആറന്മുള ക്ഷേത്രത്തില്‍ ഉയര്‍ന്ന ആചാരലംഘന വിവാദം ദേവസ്വം ബോര്‍ഡിനേയും മന്ത്രിയേയും വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുയാണ്. യഥാര്‍ത്ഥത്തില്‍ നടന്നത് ആചാരലംഘനമാണോ?
സെപ്റ്റംബര്‍ 14 അഷ്ടമിരോഹിണി ദിവസം ആറന്മുളള ക്ഷേത്രത്തില്‍ ദേവന് നേദിക്കും മുന്‍പ് ദേവസ്വം മന്ത്രി വി.എന്‍.വാസവന് സദ്യ വിളമ്പി. ഇതേ ദിവസം തന്നെ ചിലര്‍ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയാണ് ക്ഷേത്ര ഉപദേശക സമിതി പിന്നീട് ഇക്കാര്യം തന്ത്രിയുെട ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇതോടെ വ്യക്ത വരുത്തണമെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.അങ്ങനെ പിഴവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് തന്ത്രിയെ രേഖാമൂലം കാര്യങ്ങള്‍ അറിയിച്ചു.തുടര്‍ന്നാണ് തന്ത്രി പ്രായശ്ചിത്തം നിര്‍ദേശിച്ചത്.ആചാരലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ തന്ത്രി വിളമ്പിയെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ ആദ്യ പ്രതികരണം. മന്ത്രിയുടെ വാദം തള്ളി തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടത്തിരിപ്പാട് തന്നെ രംഗത്തെത്തി.
പിന്നാലെ മന്ത്രി നിലപാട് മാറ്റി. പള്ളിയോട സേവാ സംഘത്തിൻ്റെ നിർദ്ദേശം പാലിച്ചാണ് സദ്യ കഴിച്ചതെന്നായി മന്ത്രി.ചുരുക്കത്തില്‍ ആചാരലംഘനം നടന്നെന്ന് കാട്ടി മന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിട്ട ദേവസ്വം ബോർഡ് സ്വയം വെട്ടിലായി. ആചാരലംഘനം നടന്നിട്ടില്ലെന്ന് ആദ്യം പറഞ്ഞ പളളിയോട സേവ സംഘം പിന്നീട് നിലപാട് തിരുത്തിയതും നമ്മള്‍ കണ്ടു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ചടങ്ങിൽ മന്ത്രിക്കൊപ്പം നിൽക്കുന്ന ബിജെപി സംസ്ഥാന നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ തന്ത്രിയെ തള്ളാനോ കൊള്ളാനോ കഴിയാത്ത ഗതികേടിലാണ് ബിജെപി. യഥാര്‍ഥത്തില്‍ വളളസദ്യ വിവാദത്തില്‍ ഉണ്ടായത് ആചാരലംഘനമോ ഗൂഡാലോചനയോ?ആചാരലംഘനം നടന്നെങ്കില്‍ ആരാണ് അതിന് കാരണക്കാര്‍?