vedan-new

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസാണ് ബലാല്‍സംഗ കേസെടുത്തിരിക്കുന്നത്. 2021 മുതൽ 2023 വരെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് യുവ ഡോക്ടറുടെ പരാതി. വേടനെതിരെ കേസെടുത്തതോടെ ഇരയെ അപമാനിക്കുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതാണ് ബലാല്‍സംഗ ആരോപണത്തിന് കാരണമെന്നു പറഞ്ഞാണ് കമന്‍റുകളിലെ ആക്രമണം. 

Also Read: 'മറ്റ് പെണ്‍കുട്ടികളുമായി സെക്സ് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് എന്നെക്കുറിച്ച് പറഞ്ഞു'

'പലതവണ പലസ്ഥലത്തും കൊണ്ടുപോയി ബലാത്സംഗം ചെയ്തപ്പോഴാണ് ആ പെൺകുട്ടി അറിഞ്ഞത് പീഡനമാണെന്ന്... ഓരോരോ നിയമങ്ങൾ.. ആണുങ്ങളെ കുടുക്കുവാനുള്ള വിദ്യ' എന്ന തരത്തിലാണ് കമന്‍റുകള്‍. 'രണ്ട് വർഷം എന്താ തുണി തിരികിയിരുന്നോ വായയിൽ. ഇപ്പോള് ഓരോന്ന് പറഞ്ഞു വരും. ഒരാൾ നന്നാവുന്നത് കണ്ടുകൂടാ അത് തന്നെ.കേസെടുക്കണം പിള്ളേച്ച ഇതുപോലെ ഉള്ള പരാതികൾക്ക് എതിരെ' എന്നാണ് മറ്റൊരു കമന്‍റ്. ഇത്തരം അപമാന കമന്‍റുകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രതികരണമുണ്ട്.  

ഇരയ്ക്കെതിരായ കമന്‍റുകള്‍ അപമാനിച്ച് നിശബ്ദരാക്കാനാണെന്ന് ആയിഷ.എം. കുറിക്കുന്നു. ഭർത്താവോ കാമുകനോ പങ്കാളിയോ ദ്രോഹിച്ചാൽ, 'നീ കിടന്നു കൊടുത്തിട്ടല്ലേ?', 'ആവശ്യം കഴിഞ്ഞപ്പോ ഇപ്പൊ പീഡനമായി', 'നിനക്കു ഇന്നലെ വരെ അവൻ വയറ്റിൽ ചവിട്ടിയപ്പോൾ അവനോടു പൊറുക്കാൻ പറ്റിയതല്ലെടി?', 'നിനക്ക് അയാളുടെ ചിലവിൽ അയാളുടെ വീട്ടിൽ/കിടക്കയിൽ/ സുഖസൗകര്യങ്ങളിൽ ഇത്രേം കാലം ജീവിച്ചിട്ട് ഇപ്പം കേസ് കൊടുക്കണമല്ലെടി?' എന്ന് നിരന്തരം നിർദാക്ഷിണ്യം വിക്‌ടിം ഷെയിം ചെയ്തു നിശ്ശബ്ദരാക്കി വെക്കാനാണെന്നും കുറിപ്പില്‍ പറയുന്നു. സ്ത്രീ-പുരുഷഭേദമെന്യേ ഓരോ കമന്റ് ബോക്സിലും ചെന്ന് കൂട്ടത്തോടെ പുളക്കുന്ന ചോദ്യങ്ങളും ന്യായങ്ങളും വിധി കൽപ്പിക്കലും തേച്ചു വെക്കുന്നുണ്ട്. ഇനി ഒരിക്കലും ഒരു പെണ്ണും കേസ് കൊടുക്കാനോ പുറത്തു പറയാനോ മുതിരരുത് എന്ന് ഇതിലൂടെ ഉറപ്പു വരുത്തുകയാണെന്ന് ആയിഷ എഴുതുന്നു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം,

റോൾ/ജോലി/പ്രൊമോഷൻ വാഗ്ദാനം ചെയ്തു  ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

വിവാഹ/സഹായ/പ്രേമം വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

കൺസെന്റ് പിൻവലിച്ച ശേഷം നിർബന്ധിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

പദവി/പവർ/അധികാരം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

ഭയം/സംശയം/കൺഫ്യുഷൻ/പരിചയക്കുറവു മുതലെടുത്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

പങ്കാളിയുടെ പൂർണ്ണ അറിവോടെ, ബോധത്തോടെ, നിയന്ത്രണാധികാരത്തോടെ, മാനസിക സാന്നിധ്യത്തോടെ അല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

മലയാളികൾ (സ്ത്രീ-പുരുഷഭേദമെന്യേ) ഓരോ കമന്റ് ബോക്സിലും ചെന്ന് കൂട്ടത്തോടെ; വിവരമില്ലായ്മയിൽ നിന്നും ഉത്തമകുല ബോധത്തിൽ നിന്നും പുളക്കുന്ന ചോദ്യങ്ങളും "ന്യായങ്ങളും" വിധി കൽപ്പിക്കലും തേച്ചു വെക്കുന്നത് കാണുന്നു. ഇനി ഒരിക്കലും ഒരു പെണ്ണും കേസ് കൊടുക്കാനോ പുറത്തു പറയാനോ മുതിരരുത് എന്ന് ഉറപ്പു വരുത്തുന്നുണ്ട്. ഭർത്താവോ കാമുകനോ പങ്കാളിയോ ദ്രോഹിച്ചാൽ; "നീ കിടന്നു കൊടുത്തിട്ടല്ലേ?" "ആവശ്യം കഴിഞ്ഞപ്പോ ഇപ്പൊ പീഡനമായി" "നിനക്കു ഇന്നലെ വരെ അവൻ വയറ്റിൽ ചവിട്ടിയപ്പോൾ അവനോടു പൊറുക്കാൻ പറ്റിയതല്ലെടി?" "നിനക്ക് അയാളുടെ ചിലവിൽ അയാളുടെ വീട്ടിൽ/കിടക്കയിൽ/ സുഖസൗകര്യങ്ങളിൽ ഇത്രേം കാലം ജീവിച്ചിട്ട് ഇപ്പം കേസ് കൊടുക്കണമല്ലെടി?" എന്ന് നിരന്തരം നിർദാക്ഷിണ്യം വിക്‌ടിം ഷെയിം ചെയ്തു നിശ്ശബ്ദരാക്കി വെക്കണം. 

ജസ്റ്റിസ് വർമ്മ റിപ്പോർട്ടിൽ പറയുന്നത്  റേപ്പിനിരയാവുന്ന സ്ത്രീകളിൽ 70 ശതമാനം അത് റിപ്പോർട്ട് ചെയ്യുന്നില്ല. സമൂഹത്തെ ഭയന്നിട്ട്, നിയമവ്യവസ്ഥയെ ഭയന്നിട്ട്, അറിവില്ലായ്‌മ കാരണം, സാമൂഹിക/സാമ്പത്തിക ഉച്ചനീചത്വം കാരണം, ജാതി വ്യവസ്ഥികൾ കാരണം... ബാക്കി 30 ശതമാനം ആണ് ഇതൊക്കെ മറികടന്നു  കഠിനമായ നാൾവഴികളിലൂടെ മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും നഷ്ടങ്ങൾ നേരിട്ടും നേരിടാൻ തയ്യാറായും, ഇത് റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വരുന്നത്. ഈ 30 ശതമാനത്തിൽ 10ഇൽ താഴെയാണ് കേസ് പൂർത്തീകരിക്കുന്നതു. ആ 10 ശതമാനത്തിൽ എത്താൻ വേണ്ടിയാണ് നിങ്ങളുടെയൊക്ക തെറിയും പേര് വിളിയും മീശ പിരിയും ലിംഗോദ്ധാരണകാഹളങ്ങളും സഹിക്കാൻ തീരുമാനിച്ചു വിരലിൽ എണ്ണാവുന്ന സ്ത്രീകൾ ഒരുമ്പെട്ടിറങ്ങുന്നത്. അവരിതല്ലാതെ മറ്റൊന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല എന്നത് കൊണ്ട് , നിങ്ങളു എല്ലാ തവണയും അത് തന്നെ ചെയ്യണമെന്നില്ല. വളരൂ. ശ്രമിക്കൂ. You can do it.

ENGLISH SUMMARY:

Victim-blaming in sexual assault cases is critically addressed by Ayesha M.'s viral post, following the Vedan sexual assault allegations and public commentary. Her note strongly condemns comments that shame survivors and highlights the true meaning of consent in any relationship.