റോഡ് സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പും പൊലീസും ഊര്‍ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴും നിരത്തില്‍ ചോരപ്പുഴയൊഴുകിയെന്ന് വ്യക്തമാക്കി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കേരള നിരത്തുകളില്‍ ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടായ വര്‍ഷമായി 2024.
2023ല്‍ 48,091 അപകടങ്ങള്‍ ഉണ്ടായപ്പോള്‍ 48,841 അപകടങ്ങളാണ് 2024ല്‍ സംഭവിച്ചത്. പൊലിഞ്ഞത് 3857 ജീവനുകളും. കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ക്ക് വാഹനാപകടത്തില്‍ പരുക്കേറ്റതും 2024ലാണ്. 54813 പേര്‍ക്ക് പരുക്കേറ്റെന്നും സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടന്ന ചെറുതും വലുതുമായ വാഹനാപകടങ്ങളില്‍ നിന്ന് 54,813 പേര്‍ക്കാണ് പോയ വര്‍ഷം പരുക്കേറ്റത്.
മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി മോട്ടോര്‍ സൈക്കിളുകള്‍ തന്നെയാണ് പോയ വര്‍ഷവും നിരത്തുകളെ ചുവപ്പിച്ചത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട 13,415 അപകടങ്ങളുണ്ടായി. അവയില്‍ നിന്ന് 3291പേര്‍ക്ക് നിസാര പരുക്കും 10867 പേര്‍ക്ക് മാരകമായി പരുക്കുമേറ്റു. മോട്ടോര്‍സൈക്കിളുകള്‍ ഉണ്ടാക്കിയ മരണക്കണക്ക് ഞെട്ടിക്കുന്നതാണ്. 1088 ജീവനുകളാണ് മോട്ടോര്‍സൈക്കിള്‍ അപകടങ്ങളില്‍ പൊലിഞ്ഞത്.
സ്കൂട്ടര്‍ അപകടങ്ങളുടെ കണക്ക് വേറേയുണ്ട്. 5586 അപകടങ്ങളില്‍ നിന്നായി 4480പേര്‍ക്ക് ഗുരുതര പരുക്കേറ്റു. 362പേര്‍ മരിക്കുകയും ചെയ്തു. ഈ രണ്ട് പട്ടികകളും ചേര്‍ക്കുമ്പോള്‍ 2024ല്‍ ഇരുചക്രവാഹന അപകടങ്ങളില്‍ നിന്നായി പൊലിഞ്ഞത് 1450 ജീവനുകള്‍ . 15,347 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 20,116 പേര്‍ പരുക്കേറ്റ് ചികിത്സ തേടി. 2023ല്‍ മരിച്ചവരുടെ എണ്ണം 1566 ആയിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരുചക്ര വാഹന അപകടങ്ങളിലും മരണനിരക്കിലും കുറവുണ്ടായെങ്കിലും ആശ്വാസം പകരുന്നതല്ല പുറത്തുവന്ന കണക്കുകള്‍.
അപകടക്കണക്കില്‍ രണ്ടാം സ്ഥാനം കാറുകള്‍ക്കാണ്. 2023ല്‍ 14,027 കാറപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. 885 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 11391 പേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. 2024ല്‍ കാര്‍ അപകടങ്ങളുടെ എണ്ണം 14,550 ആയി ഉയര്‍ന്നു. 820 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 11667 പേര്‍ക്ക് ഗുരുതര പരുക്കും 5950 പേര്‍ക്ക് നിസാര പരുക്കുമേറ്റു. കാറപകടങ്ങളില്‍ പരുക്ക് പറ്റി കഴിഞ്ഞവര്‍ഷം ചികില്‍സ തേടിയത് 17,587 പേരാണ്.
ലോറി അപകടങ്ങള്‍ 2023ലേക്കാൾ വര്‍ധിച്ചു. 2023ല്‍ 2008 അപകടങ്ങളില്‍ നിന്നായി 352 ജിവനുകളാണ് ലോറി അപകടത്തില്‍ നഷ്ടമായതെങ്കില്‍ 2024ൽ അപകടങ്ങളുടെ എണ്ണം 2084 ആയി വർധിച്ചു. മരണസംഖ്യ 334. 763 മിനിലോറി അപകടങ്ങളില്‍ 76 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 494 ടിപ്പര്‍, ടോറസ് അപകടങ്ങളില്‍ 68 പേര്‍ മരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യബസുകളുടെ മരണപ്പാച്ചിലിനെക്കുറിച്ച് ഉയരുന്ന നിരന്തര പരാതികളില്‍ കഴമ്പുണ്ടെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്. ചെറുതും വലുതുമായ 2443 അപകടങ്ങളാണ് പോയവര്‍ഷം സ്വകാര്യബസുകളുണ്ടാക്കിയത്. ഈ അപകടങ്ങളില്‍ നിന്നായി 1482 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും 258 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ചികില്‍സതേടിയത് 2903പേര്‍. 2023ല്‍ 2248 സ്വകാര്യബസ് അപകടങ്ങളില്‍ 214 പേര്‍ മരിച്ച കേരളത്തില്‍ 2024 ആയപ്പോൾ 2443 അപകടങ്ങളില്‍ മരണം 258ആയി ഉയര്‍ന്നു.
അപകടക്കണക്കില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും തീരെ പിന്നിലല്ല. നൂറിലേറെ ജീവനാണ് പോയവര്‍ഷം KSRTC കവര്‍ന്നത്. കെ.എസ്.ആര്‍.ടി.സി ഉണ്ടാക്കിയ 772 അപകടങ്ങളില്‍ നിന്നായി 911 പേര്‍ക്കാണ് പരുക്കേറ്റത്. 523 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും 147 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. 2023ല്‍ ഉണ്ടായത് 688 അപകടങ്ങളും 103 മരണങ്ങളുമായിരുന്നു എന്ന കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരത്തിലെ വില്ലന്‍മാരില്‍ കെഎസ്ആര്‍ടിസിയുമുണ്ടെന്ന് വ്യക്തം.
ഓട്ടോറിക്ഷ അപകടങ്ങളിലെ മരണവും മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലാണ്. 2023ല്‍ 4047 അപകടങ്ങളില്‍ നിന്നായി 246 പേര്‍ മരിച്ച കേരളത്തില്‍ 2024 ആയപ്പോഴേക്കും 4240 അപകടങ്ങളില്‍ നിന്നായി 265എന്ന നിലയിലേക്ക് മരണസംഘ്യ ഉയര്‍ന്നു. 3557 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.439 ഗുഡ്സ് ഓട്ടോ അപകടങ്ങളില്‍ 23 പേരും കഴിഞ്ഞ വര്‍ഷം മരിച്ചിട്ടുണ്ട്.
മുകളില്‍ പറഞ്ഞ ക്ലാസ് വാഹനങ്ങള്‍ക്ക് പുറമേ ടെംപോ വാന്‍ അപകടങ്ങളില്‍ 67 പേര്‍ക്കും ജീപ്പ് അപകടങ്ങളില്‍ 62പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം 2025 മെയ് മാസം വരെ മാത്രം സംസ്ഥാനത്ത് 21,277 വാഹനാപകടങ്ങളില്‍ 1631 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു.
Read Also: ബസ്, ഓട്ടോ, ബൈക്ക്; കേരള നിരത്തിലെ വില്ലനാര്? പൊലിഞ്ഞത് 4080 ജീവൻ
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണസംഖ്യയില്‍ കുറവുണ്ടായെങ്കിലും കേരളനിരത്തുകളില്‍ ഉണ്ടാകുന്ന അപകടങ്ങളുടെയും പരുക്കേല്‍ക്കുന്നവരുടെയും എണ്ണം ആശ്വാസം പകരുന്നതല്ല. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷമുണ്ടായ വാഹനാപകടങ്ങളില്‍ 34,408 എണ്ണവും ഡ്രൈവറുടെ അശ്രദ്ധ കാരണം ഉണ്ടായവയാണെന്നും സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുെട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ആറ് വരി പാത ഉള്‍പ്പെടെ നല്ല റോഡുകള്‍ മലയാളികളിലേക്കെത്തുമ്പോള്‍ നിരത്തുകള്‍ ചോരക്കളമാക്കാതിരിക്കാന്‍ നമ്മുടെ ഡ്രൈവിങ് സംസ്കാരത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.