മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിസ്റ്റര്‍മാരായ വന്ദന ഫ്രാന്‍സിസും പ്രീതിമേരിയും നേരിട്ടത് ക്രൂരമായ മാനസിക ഉപദ്രവമെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്‍പ് ബജ്റങ്ദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മയാണ് കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയും ഭീഷണിമുഴക്കുകയും ചെയ്തത്. പൊലീസ് സ്റ്റേഷനുള്ളില്‍ വച്ചാണ് 'മിണ്ടാതിരുന്നോണം, മിണ്ടിയാല്‍ മുഖമടിച്ച് പൊളിക്കു’മെന്ന്' ജ്യോതി ആക്രോശിക്കുന്നത്. സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ മിണ്ടാതിരിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
വസ്ത്രത്തില്‍ മൈക്ക് ഘടിപ്പിച്ചാണ് ജ്യോതി ശര്‍മ സംസാരിച്ചത്. ആള്‍ക്കൂട്ട വിചാരണ വിഡിയോയില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് കരുതുന്നു. ‘ഭക്ഷണമുണ്ടാക്കാനായി ആരെയും കിട്ടിയില്ലേ? ഞാന്‍ ആളെ വിടണോ’ എന്ന് ജ്യോതി കന്യാസ്ത്രീകളിലൊരാളോട് ചോദിക്കുന്നുണ്ട്. ഇതിന് മറുപടി നല്‍കാന്‍ തുടങ്ങുമ്പോഴാണ് മിണ്ടരുതെന്ന് ആക്രോശിച്ചത്. കയ്യും കാലുമില്ലാതെ വീട്ടില്‍ പോകേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് ബാഗുകള്‍ തുറന്ന് പരിശോധിച്ച് ബൈബിള്‍ എടുത്ത് മേശപ്പുറത്തിട്ടു. കന്യാസ്ത്രീകള്‍ക്ക് നേരെ അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തുന്നതും വിഡിയോയില്‍ കാണാം.
കന്യാസ്ത്രീകള്‍ക്കൊപ്പം ജോലിക്ക് പോകാനിരുന്ന മൂന്ന് യുവതികളില്‍ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തിയത്. ‘യുവതികളെ വിറ്റതിന് എത്ര രൂപ വാങ്ങി?’ എന്നായിരുന്നു ചോദ്യം. അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ജോലിക്ക് പോകുന്നതെന്ന് പറഞ്ഞിട്ടും വകവയ്ക്കാതെ അസഭ്യവര്‍ഷം തുടര്‍ന്നു. ഛത്തീസ്ഗഡില്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെയും വൈദികരുടെയും ചിത്രങ്ങള്‍ കാട്ടിയും അസഭ്യം പറഞ്ഞുവെന്ന് ആരോപണമുണ്ട്.
കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണ് നടത്തിയതെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. എന്നാല്‍ അറസ്റ്റ് തെറ്റിദ്ധാരണ മൂലമെന്നാണ് കേരള ബിജെപിയുടെ വിശദീകരണം. നിര്‍ബന്ധിത മതപരിവര്‍ത്തനം ഛത്തീസ്ഗഡില്‍ കുറ്റകരമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്താണ് നിയമം കൊണ്ടു വന്നത്. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ഏജന്‍സികള്‍ വഴി സംസ്ഥാനത്തിന് പുറത്ത് ജോലിക്കുപോകാന്‍ സര്‍ക്കാരിന്‍റെ പ്ലേസ്മെന്‍റ് പോര്‍ട്ടലില്‍ വിവരം നല്‍കണം. ഇതില്‍ വീഴ്ച വന്നതാകാം അറസ്റ്റിനിടയാക്കിയതെന്നാണ് രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കുന്നത്.