vellarmala

ചൂരല്‍മലയെ ഉരുളിന്‍റെ നീരാളികയ്യില്‍ നിന്ന് പാതി തടുത്ത് നിര്‍ത്തിയ ഓര്‍മയുടെ പേരാണ് വെള്ളാര്‍മല സ്കൂള്‍. ഒരു നാടിന്‍റെ സ്‌പന്ദനമായിരുന്ന ഈ വിദ്യാലയം ഒരാണ്ട് പിന്നിടുമ്പോള്‍ തിരിച്ചുവരവുകളുടെ പ്രതീകമായി മാറുകയാണ്. 

കവിതപോലെ ഒരു വിദ്യാലയം. മഞ്ഞിറങ്ങുന്ന വെള്ളരിമലയുടെ അത്രയും തലപ്പൊക്കം. പുന്നപ്പുഴയോരത്തെ ചൂരല്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. ഈ സുന്ദര കാഴ്ചകളെ അപ്പാടെ മായ്ച്ചുകളയാന്‍ പോന്നതായിരുന്നു ജൂലൈ 30 എന്ന ഭീകര രാത്രി. കല്ലുകളും മരവും ഇരച്ചുവന്നപ്പോള്‍ യാഥാര്‍ഥത്തില്‍ തന്‍റെ ജീവന്‍ ബലികൊടുത്ത് ചൂരല്‍മല അങ്ങാടിക്ക് ഒരു കവചം ഒരുക്കുകയായിരുന്നു ഈ വിദ്യാലയം. അല്ലെങ്കില്‍ കാര്യങ്ങള്‍ എത്ര ഭയാനകമായേനെ. 

നാടിന്‍റെ കണ്ണീരായി മാറിയവരില്‍ ഈ വിദ്യാലയത്തിലെ 33 കുരുന്നുമക്കളും ഉണ്ടായിരുന്നു. കാഴ്ചകള്‍ വീണ്ടും മാറുന്നു. നാലുമാസം കൊണ്ട് പുതിയ സ്കൂള്‍ കെട്ടിടം സജ്ജമായി. സ്മാര്‍ട്ടായ ക്ലാസ് റൂമുകള്‍. പുതിയ ഇടത്തേക്ക് മാറിയപ്പോള്‍ മറ്റൊരു സന്തോഷവും കൂടി ഉണ്ടായി. പത്താംക്ലാസിലെ നൂറ് ശതമാനം വിജയം.

അധ്യാപകരും ഉറച്ച പിന്തുണയുമായി പുതിയ അന്തരീക്ഷത്തെ വരവേറ്റുകഴിഞ്ഞു. ഉണ്ണി മാഷിന്‍റെ പാട്ട് ഓര്‍മയില്ലേ. ആ പഴയ താളത്തെ വിട്ടുകൊടുക്കാന്‍ ഇവര്‍ തയാറല്ല. അത് പുതിയ രൂപത്തില്‍ അവതരിക്കുന്നു. ഒന്നിനും പൂര്‍ണമായി തകര്‍ത്തെറിയാന്‍ കഴിയാത്ത  ഉയിര്‍പ്പിന്‍റെ പ്രതീകമാകുകയാണ് ഈ താളം.

ENGLISH SUMMARY:

Vellarmala School, named in memory of the landslide that nearly engulfed Chooralmala, had once stood as a shield against nature’s fury. As the school completes one year, it has now become a symbol of return, resilience, and revival for an entire community.