ചൂരല്‍മല– മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ അതിജീവിച്ച കുറേ മനുഷ്യര്‍ ഇപ്പോളും രോഗങ്ങളും വേദനകളുമായി മല്ലിടുകയാണ്. തുടര്‍ചികില്‍സയ്ക്കുള്ള സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് ആശ്വസിച്ച പലരും നിരാശരായി. ഓര്‍മകള്‍ പാതിവഴിയില്‍ എങ്ങോ മുറിഞ്ഞ് പോയ മുബീന അതിന്‍റെ നേര്‍ചിത്രമാണ്.
ദുരന്ത രാത്രിയില്‍ രണ്ട് മക്കളെ നഷ്ടപ്പെട്ട അമ്മയാണ് മുബീന. നിവര്‍ത്താന്‍ കഴിയാത്ത കൈകാലുകളുടെ രൂപത്തിലേക്ക് ജീവിതം ചുരുങ്ങിപ്പോയി. ഒന്‍പതുമാസം മുന്‍പ് സര്‍ക്കാരിന്‍റെ ചികില്‍സാ സഹായവും നിലച്ചതോടെ നോവ് ഇരട്ടിക്കുകയാണ്. മുബീനയെപ്പോലെ 25ലധികം പേരുണ്ട്. ഇവര്‍ക്കാര്‍ക്കും ദുരന്തമുണ്ടായി മൂന്ന് മാസത്തിന് ശേഷം കാര്യമായ ചികില്‍സാ സഹായമൊന്നും കിട്ടിയിട്ടില്ല. വിദഗ്ധ ചികില്‍സയ്ക്കായി ചെലവായ ബില്ലുകള്‍ വില്ലേജ് ഓഫിസില്‍ നല്‍കിയിട്ട് മാസങ്ങളായി. അപ്പോളും ഉറച്ച ബോധ്യങ്ങളില്‍ നിന്ന് ഇവര്‍ പിന്നോട്ടില്ല.
സന്നദ്ധ സംഘടനകള്‍ ഒരു പരിധിവരെ ഇവരെ സഹായിച്ചു. സ്കാനിങ്ങുകളുടെയും നിത്യേനയുള്ള മരുന്നുകളുടെയും ചെലവ് താങ്ങാനാകാതെ കിതയ്ക്കുകയാണ് പലരും. ക്യാമറയ്ക്ക് മുന്നില്‍ വരുന്നത് അവരുടെ നിവൃത്തികേടുകൊണ്ടാണ്. മാറ്റം അനിവാര്യമാകുന്നു.