പുതിയ വീട് കണ്ണിലൂടെ കാണാനാവില്ലെങ്കിലും അത് സ്വപ്നം കണ്ടുകൊണ്ട് ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്ന ദമ്പതിമാരുണ്ട് തൃശൂരിൽ. ജന്മനാ കാഴ്ച പരിമിതിയുള്ള ഇവർ പണം തികയാത്തതിനാൽ പാതി പണി തീർത്ത വീട് പൂർത്തിയാക്കാൻ തെരുവിൽ പാട്ടുപാടിയും ലോട്ടറി വിറ്റും ജീവിക്കുന്നു. കണ്ണുള്ളവർ കാണാതിരുന്നാലും തങ്ങളെ കേൾക്കുകയെങ്കിലും ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ.
ചുറ്റും ഇരുളാണെങ്കിലും മനസ്സിലെ വെളിച്ചമാണ് മണികണ്ഠനെയും ഭാര്യ ഷൈമയെയും മുന്നോട്ടു നയിക്കുന്നത്. ബ്രെയിൻ ട്യൂമർ ബാധിച്ച അമ്മ സുഭദ്രയെയും ഇവരാണ് നോക്കുന്നത്. തൃശൂരിൻറെ തെരുവുകളിൽ പാട്ടുപാടിയും ഭാഗ്യം വിറ്റും അലയുമ്പോൾ വീടെന്ന സ്വപ്നം മറക്കേണ്ടിവരുന്നു. അന്നന്നത്തെ അന്നത്തിനുള്ള വകയെങ്കിലും കിട്ടിയാലായി.
വീടുപണിയുന്നതിനായി വരന്തരപ്പള്ളി പഞ്ചായത്ത് 6 ലക്ഷം രൂപ കൊടുത്തു. എന്നാൽ 3 സെൻറ് സ്ഥലം വാങ്ങിക്കുന്നതിന് 4 ലക്ഷം രൂപയായി. ബാക്കിയുള്ളതുകൊണ്ട് ആവുന്നത്രോളം പണി നടത്തി. അതോടെ പാപ്പരായി. പലരുടെയും സഹായം കൊണ്ടാണ് പണി ഇത്രയെങ്കിലും പൂർത്തിയാക്കിയത്. ബുദ്ധിമുട്ടുകൾക്ക് നടുവിലും പാട്ടുകളാണ് അവർക്ക് സന്തോഷം നൽകുന്നത്. ആ പാട്ടുകൾ പല ചെവികൾ കടന്നുപോകുമ്പോൾ ചിലർ കൈനീട്ടുമെന്നതിലാണ് അവരുടെ പ്രതീക്ഷ.