വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പ്രവേശിപ്പിച്ച ഗോവിന്ദച്ചാമി ബഹളങ്ങളില്ലാതെ ശാന്തനായെന്ന് വിവരം. ഏതു നിമിഷവും സ്വഭാവം മാറുമെന്നതിനാൽ കനത്ത ജാഗ്രതയിലാണ് അധികൃതർ. കണ്ണൂർ സെൻട്രൽ ജയിൽ ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ ഇന്നലെയാണ് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയത്. ജയിലിലെത്തിയ ഗോവിന്ദച്ചാമി കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറച്ചാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയത്. ജയിൽ വകുപ്പു മേധാവിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കണ്ണൂരിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
വിയ്യൂരില്‍ കനത്ത സുരക്ഷ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മറ്റുള്ള തടവുകാരെ കാണാനോ അവരുമായി സംസാരിക്കാനോ പറ്റില്ല. പ്രാഥമിക കർമ്മങ്ങൾക്കുൾപ്പെടെയുള്ള സൗകര്യങ്ങൾ എല്ലാം ഉള്ള സെല്ലിൽ നിന്ന് ഭക്ഷണംകഴിക്കാൻപോലും ഇനി പുറത്തിറങ്ങാനാവില്ല. എപ്പോഴും നിരീക്ഷണം ഉറപ്പാക്കാൻ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ഇഴകീറി പരിശോധിക്കുകയും ചെയ്യും. കോടതി നടപടികൾക്കോ ആശുപത്രികളിലേക്കോ നേരിട്ട് കൊണ്ടുപോകാതിരിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇനി മരണംവരെ പുറത്തിറങ്ങാതെ ഗോവിന്ദച്ചാമി സെല്ലിനുള്ളിൽ കഴിയേണ്ടിവരും. പടുകൂറ്റൻ മതിലിൽ നിന്ന് അമ്പതുമീറ്റർ അകലെയാണ് ജയിൽകെട്ടിടം. പതിനഞ്ച് മീറ്റർ ഉയരമുള്ള നാല് വാച്ച്ടവറുകളിൽ നൈറ്റ് വിഷൻ ബൈനോക്കുലർ, ഹൈബീം സെർച്ച് ലൈറ്റുകൾ, വാക്കിടോക്കി സജ്ജീകരണങ്ങളുള്ള ആയുധധാരികളായ ഗാർഡുമാരുടെ നിരീക്ഷണവും സദാസമയവും ഉണ്ടാവും. വ്യക്തമായ മുന്നൊരുക്കങ്ങൾക്കുശേഷമാണ് ജയിൽ ചാടിയതെന്നതിനാൽ ആ നിലയിലുള്ള സ്പെഷ്യൽ നിരീക്ഷണവും ഗോവിന്ദച്ചാമിയുടെ മേൽ ഉണ്ടാവും.
അതേ സമയം ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പുറത്തിറങ്ങിയ ശേഷം അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ചതിവ് ശേഷമാണ് പുറത്തേക്ക് കടക്കുന്നത്.
ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.