പണത്തിനും ലൈംഗിക ബന്ധത്തിനും വേണ്ടി എന്ത് ക്രൂരതയും ചെയ്യുന്ന പ്രകൃതമാണ് ഗോവിന്ദച്ചാമിയുടേതെന്ന് മുൻപ് അയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അഷ്റഫ് മണലാടി. ഗോവിന്ദച്ചാമിയെപ്പറ്റി ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് അഷ്റഫ് മണലാടി നടത്തിയത്.
'ജയിലിൽ കഴിഞ്ഞ ഇത്രയും വർഷങ്ങളിലെ ലൈംഗിക ആസക്തിമൂലമുള്ള പക അവൻ ആരിലെങ്കിലും തീർത്തേക്കാം. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ കണ്ണിൽ കാണുന്ന ആരെയും ആക്രമിക്കാനുള്ള മാനസികാവസ്ഥയാണ് അവനുള്ളത്. ഇവൻ ആദ്യം പിടിയിലായ സമയത്ത് ഞങ്ങൾ പൊലീസുകാരോടും ഡോക്ടറോടും പറഞ്ഞതെന്താണെന്നോ. സ്ത്രീകളെയോ പുരുഷന്മാരെയോ ആരെയെങ്കിലും ലൈംഗികമായി ഉപയോഗിക്കണം, മദ്യപിക്കണം, ലഹരി ഉപയോഗമാണ് പ്രധാന വിനോദം. സാറെ പാൽപ്പായസം കണ്ടാൽ ആരാണ് ഇട്ടിട്ട് പോകുക എന്നാണ് ആ കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗോവിന്ദച്ചാമി പറഞ്ഞത്. എത്ര കടുത്ത കുറ്റം ചെയ്താലും കുറ്റബോധമില്ല അവന്. ഇവൻ ജയിൽ ചാടാൻ സാധ്യതയുണ്ടെന്ന് എന്‍റെ മനസിൽ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. കാരണം അവന്‍റേത് അങ്ങനെയൊരു വിചിത്ര സ്വഭാവമാണ്.കേരളം വിട്ടുകഴിഞ്ഞെങ്കിൽ അവനെ പിടിക്കാൻ ബുദ്ധിമുട്ടായേനെ. ആദ്യം പിടിയിലായപ്പോൾ എന്നെപ്പോലുള്ള മൂന്നാലു പൊലീസുകാര്‍ അവന്‍റെ ഒടിയാത്ത കൈയിൽ മുറുക്കി പിടിച്ചിട്ടും ഇവൻ വഴങ്ങാൻ തയ്യാറായില്ല. മെരുക്കാൻ ഭയങ്കര പാടാണ്. അത്രയും സ്‌ട്രോംഗായിട്ടുള്ള ആളാണ് ഗോവിന്ദച്ചാമി;. അഷ്റഫ് മണലാടി വെളിപ്പെടുത്തി.
കേരള സമൂഹത്തിൽ ഏറ്റവും വെറുക്കപ്പട്ട കുറ്റവാളികളിലൊരാളാണ് ഒറ്റക്കൈയ്യൻ ഗോവിന്ദചാമി. '2011 ഫെബ്രുവരി ഒന്നിനു കൊച്ചിയിൽനിന്നു വീട്ടിലേക്കു ട്രെയിനില്‍ പുറപ്പെട്ട പെണ്‍കുട്ടിയെ വള്ളത്തോൾ നഗർ സ്റ്റേഷൻ വിട്ടപ്പോൾ ആക്രമിക്കുകയും ട്രെയിനിൽനിന്നു തെറിച്ചുവീണ പെണ്‍കുട്ടിയെ പാളങ്ങൾക്കിടയിൽവച്ചു ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി ഇത് ജീവപര്യന്തമായി ചുരുക്കി.
ലഹരിമാഫിയയുടെ പിന്തുണ ഗോവിന്ദച്ചാമിക്കുണ്ടെന്ന് വരെ വെളിപ്പെടുത്തല്‍ വന്നിരുന്നു. സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടിയാണ് ഗോവിന്ദചാമിയുടെ സ്വദേശം. അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. പിടിച്ചുപറിക്കും മോഷണത്തിനുമായി തമിഴ്നാട്ടിൽ വിവിധ കാലയളവുകളിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. കച്ചവടക്കാരനെന്ന നടിച്ചായിരുന്നു കേരളത്തിലെ ട്രെയിനുകളില്‍ യാത്ര. ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. 2011 നവംബർ 11നു കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചതു മുതൽ ഗോവിന്ദച്ചാമി ഉദ്യോഗസ്ഥർക്കു സ്ഥിരം തലവേദനയായി. ജയിൽമാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകത്തിൽ തുടക്കം.
പിന്നീടു പൂജപ്പുരയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാരം. എല്ലാ ദിവസവും ബിരിയാണി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സെല്ലിനുള്ളിലെ സിസിടിവി ക്യാമറ തകരാറിലാക്കി. ജയിൽ ജീവനക്കാർക്കെതിരെ വിസർജ്യമെറിഞ്ഞു. ജയിലിലെ അക്രമത്തിന്റെ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിനു ശിക്ഷിച്ചു. സ്വദേശമായ തമിഴ്നാട്ടിലെ ഏതെങ്കിലും ജയിലിലേക്കു മാറാനുള്ള അപേക്ഷ ജയിൽ വകുപ്പ് മേധാവി നിരസിച്ചു. മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു.
വധശിക്ഷ റദ്ദാക്കിയശേഷമാണ് അക്രമസ്വഭാവം അവസാനിപ്പിച്ചത്. ഗോവിന്ദച്ചാമിക്കു ലഹരിമരുന്നു മാഫിയയുടെ പിന്തുണയുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഗോവ-മുംബൈ അതിർത്തിയായ പൻവേലിലെ മാഫിയ സംഘമാണ് ഗോവിന്ദച്ചാമിക്കു പിന്നിലെന്നായിരുന്നു വെളിപ്പെടുത്തൽ.