ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട നടന്‍ വിനായകന്‍ വി.എസിന്‍റെ മരണത്തിലും സമാനപരാമര്‍ശവുമായി രംഗത്ത്. ‘എന്‍റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു...’എന്ന് തുടങ്ങുന്ന പോസ്റ്റില്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ.കരുണാകരന്‍, ജോര്‍ജ് ഈഡന്‍ തുടങ്ങിയവരുടെയെല്ലാം മരണത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം പഴയതിനെക്കാള്‍ കടുത്തതാണ്.
വി.എസ്.അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് തെരുവില്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്ന് വിനായകനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് നടത്തിയ പഴയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുകൂലികളും രംഗത്തുവന്നത്. ഇവരുടെ അധിക്ഷേപങ്ങളുടെയും കമന്‍റുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് തിരിച്ചടിക്കുകയും ചെയ്തു.
ഇന്നലെ എണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്താണ് വിനായകന്‍ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. ‘ഇല്ലാ ഇല്ല മരിക്കുന്നില്ല, സഖാവ് വി എസ് മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം വിനായകനും കൂട്ടായ്മയിലെ മറ്റ് അംഗങ്ങളും വൈകാരികമായി വിളിച്ചു. വിഎസിന്റെ ചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. കൊമ്രേഡ് വി എസ് അച്യുതാനന്ദന്‍ എന്ന് ഇംഗ്ലീഷിലും ‘കണ്ണേ കരളേ’ എന്ന് മലയാളത്തിലും എഴുതിയ വിഎസിന്റെ ചിത്രമുള്‍പ്പെടെയുളള ഫ്‌ളക്‌സിലാണ് പുഷ്പാര്‍ച്ചന നടത്തിയത്.