മനക്കരുത്തില്‍ പരുവപ്പെട്ട ജീവിതത്തിന്‍റെ ഉടമയായിരുന്നു വിഎസ്. എങ്കിലും ജീവിതപ്പാച്ചിലില്‍ ഒഴുകിവന്നടിഞ്ഞ ചില വേദനകള്‍  ആ ഇരുമുള്ളില്‍തീര്‍ത്ത ഹൃദയത്തെ കീറിമുറിച്ചിട്ടുണ്ട്. നെഞ്ച് പിളര്‍ത്തിയ ആ വാര്‍ത്തകളില്‍ ഉലഞ്ഞ് പോവാതിരിക്കാന്‍ സാധിച്ചതും വിഎസ് ഒരു പോരാളിയായത് കൊണ്ട് മാത്രം. 

1948 ഓഗസ്റ്റ് 19ന് ജയിലിലായിരുന്നു വിഎസ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കിറങ്ങി സമരങ്ങളും പോരാട്ടങ്ങളും ഒരുപാട് നടത്തി തഴക്കം വന്ന ജീവിതത്തില്‍ നിരാശയ്ക്കോ, കണ്ണുനീരിനോ സ്ഥാനമില്ലാതിരുന്ന കാലം. സെല്ലില്‍ നിന്നിറങ്ങിയാല്‍ അടുത്ത നീക്കമെന്ത് എന്നാലോചിച്ചിരിക്കുന്ന നേരത്താണ് ആ വാര്‍ത്തയെത്തിയത്. സഖാവ് കൃഷ്ണപിള്ള മരിച്ചുപോയി. മുഹമ്മ കണ്ണാര്‍ക്കാട് ചെല്ലിക്കണ്ടത്തില്‍ നാണപ്പന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു സഖാവ്. ചുറ്റും ചൊരി മണലും കുറ്റിക്കാടുമാണ്. പാമ്പുകടിയേറ്റതാണ്. അരമണിക്കൂറില്‍ മരണം സംഭവിച്ചു. നവോത്ഥാന മുന്നേറ്റത്തിന്‍റെ മുന്നണിപ്പോരാളിയായി മാത്രമല്ല വിഎസിന്‍റെ രാഷ്ട്രീയ ജീവിതത്തിന് കൊടി പിടിച്ചുകൊടുത്ത സഖാവായിരുന്നു കൃഷ്ണപിള്ള. 

കുട്ടനാട്ടില്‍ ചെന്ന് കര്‍ഷകരെ സംഘടിപ്പിച്ച് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് വേരുറപ്പിക്കാന്‍ 5 രൂപയും കൊടുത്ത് വിഎസിനെ പറഞ്ഞുവിട്ടത് കൃഷ്ണപിള്ളയായിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ  ജീവിതം ശ്രേഷ്ഠമാണെന്ന് പഠിപ്പിച്ച, തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ജീവിതം മാറ്റിവെക്കാന്‍ ഉപദേശിച്ച ആ വഴികാട്ടി മണ്ണിലേക്ക് മടങ്ങിയതറിഞ്ഞ് വിഎസ് സെല്ലില്‍ തളര്‍ന്നിരുന്നു. അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ആ മനസ് തേങ്ങി. 

മറ്റൊരവസരത്തില്‍ സഹതടവുകാരനായ മുഹമ്മ അയ്യപ്പനെ പൊലീസുകാര്‍ ചവിട്ടിക്കൊല്ലുന്നതിന് വിഎസ് സാക്ഷിയായി. ഒറ്റച്ചവിട്ടിന് അയ്യപ്പന്‍റെ നെഞ്ചിന്‍കൂട് തകര്‍ന്നു. വാരിയെല്ലുകള്‍പൊട്ടി കരള്‍ പിളര്‍ന്ന് ചോരപ്പുഴയായി. ഒരിറ്റുവെള്ളത്തിനായി അയ്യപ്പന്‍ കേണു. തുണികഷ്ണങ്ങള്‍ ചോരയില്‍ മുക്കി തുള്ളിതുള്ളിയായി വിഎസ് അയ്യപ്പന്‍റെ വായിലിറ്റിച്ചു. തൊണ്ട നനയും മുന്‍പോ എന്തോ റിസര്‍വ് പൊലീസുകാരന്‍റെ  ചവിട്ടില്‍ അയ്യപ്പന്‍റെ  ജീവന്‍ പോയി. രക്തച്ചുവപ്പ് കൊണ്ട് ഉരുക്കിയെടുത്ത ഈ ജീവിതാനുഭവങ്ങള്‍ക്ക് സാക്ഷിയായത് കൊണ്ട് തന്നെയാണ്  പോരാട്ടവീഥികളില്‍ പതറാതെ വിഎസ് മുന്നോട്ട് പോയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം നമ്മുടെ കണ്‍മുന്നില്‍ ടി പി ചന്ദ്രശേഖന്‍റെ  വീട്ടിലെത്തിയ വിഎസ് രമയെ ചേര്‍ത്തുപിടിച്ച് വിങ്ങിയത് പ്രായം മനസിന് പതം വരുത്തിയത് കൊണ്ട് മാത്രമാവാം. 

ENGLISH SUMMARY:

VS Achuthanandan’s life was shaped by deep personal losses and unforgettable political struggles.