അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന് ആദരാഞ്ജലികൾ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഇത്രയേറെ നീണ്ട പൊതുജീവിതം അധികമാർക്കും ഉണ്ടായിക്കാണില്ലെന്നും, യോജിപ്പിന്റേയും വിയോജിപ്പിന്റേയും നിരവധി സാധ്യതകളാണ് അക്കാലമത്രയും അദ്ദേഹം കേരളത്തിന് മുൻപിൽ തുറന്നുവച്ചതെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ വികാരവും മനസ്സാക്ഷിയുമായിരുന്നു വി.എസ്. എന്നതിൽ സംശയമില്ല. "വീര സഖാവേ വിഎസ്സേ" എന്ന് അദ്ദേഹത്തിന്റെ അണികളും ആരാധകരും ആത്മാർത്ഥതയോടെ ചങ്ക് പൊട്ടി വിളിക്കുന്നത് കേട്ടപ്പോൾ രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ആ നേതാവിനോട് ഒരൽപ്പം ആകർഷണം തോന്നിയിട്ടുണ്ട് എന്നത് മറച്ചുവക്കുന്നില്ല.
അദ്ദേഹത്തോടൊപ്പം പത്ത് വർഷം നിയമസഭാംഗമായിരിക്കാൻ അവസരമുണ്ടായത് എന്നെ സംബന്ധിച്ചിടത്തോളം എന്നും സ്മരണീയമാണ്. ഒരേ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ എന്ന നിലയിൽ നിയമസഭക്ക് പുറത്തും ചിലയിടങ്ങളിൽ ഒരുമിച്ചുണ്ടാവാൻ അവസരമുണ്ടായിട്ടുണ്ട്. പുറമേ കാർക്കശ്യക്കാരനെങ്കിലും സ്നേഹ സൗഹൃദഭാവത്തിലുള്ള ഇടപെടലുകൾ തന്നെയാണ് കൂടുതലും ഓർമ്മയിലുള്ളത്.
വി.എസിന്റെ പല രാഷ്ട്രീയ നിലപാടുകളോടും പ്രവർത്തന ശൈലികളോടും വിയോജിപ്പ് തോന്നിയിട്ടുണ്ട്. പാർട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളെ അദ്ദേഹം നേരിട്ട രീതികളും സവിശേഷമായിരുന്നല്ലോ. ഇടപെട്ട പല വിഷയങ്ങളിലും അദ്ദേഹത്തിന് സ്വാർത്ഥ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന വിമർശനമുണ്ട്. എന്നാൽ അത്തരം മിക്ക അവസരങ്ങളിലും കേരളീയ പൊതുസമൂഹത്തെ തന്റെ കൂടെ നിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞു എന്നത് നിസ്സാരമല്ല. ഒരു രാഷ്ട്രീയ യുഗം അവസാനിക്കുകയാണെന്ന് എഴുതിയാണ് അദ്ദേഹം പോസ്റ്റ് അവസാനിക്കുന്നത്.