മാരാരിക്കുളത്തെ തോല്‍വിയുടെ ആഘാതത്തിന് ശേഷം വി.എസ്. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത് മലമ്പുഴയിലാണ്. 2001 ല്‍ മലമ്പുഴ വിഎസിനെ ജയിപ്പിച്ചത് 4703 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു. 2006 ല്‍ വീണ്ടും വി.എസ് പാലക്കാട്ടേക്കെത്തി. വി.എസ്. മല്‍സരിക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം കേന്ദ്രക്കമ്മിറ്റി തിരുത്തിയ ശേഷമുള്ള വരവായിരുന്നു അത്.
ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് വന്നു നിന്ന ട്രെയിനില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ മുഷ്ടി ചുരുട്ടി വി.എസ്. അഭിവാദ്യം ചെയ്തു. ആയിരമായിരം കൈകളുടെ പ്രത്യഭിവാദ്യം. 'മലമ്പുഴയെന്നൊരു മണ്ണുണ്ടെങ്കില്‍ സഖാവ് വി.എസ് എമ്മെല്ലേ...' എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങി. കണ്ണേ, കരളേ വിഎസ്സേ എന്ന് കേരളം ഏറ്റുവിളിച്ചതോടെ മലമ്പുഴ മനസറിഞ്ഞ് വോട്ടുചെയ്തു.
സിപിഎമ്മിന്‍റെ ഭൂരിപക്ഷം നാലിരട്ടിയായി ഉയര്‍ന്നു. വി.എസ് കേരളത്തിന്‍റെ മുഖ്യമന്ത്രിയും. ചുമ്മാതൊരു സുപ്രഭാതത്തില്‍ മലമ്പുഴയില്‍ മല്‍സരിക്കാന്‍ വന്നതായിരുന്നില്ല വി.എസ്. 78–ാം വയസില്‍ പാലക്കാട്ടെത്തിയ വി.എസിനെ പാലക്കാട്ടുകാര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. തിരഞ്ഞെടുപ്പ് കാലമായാല്‍ കര്‍ഷകരുടെ വയലിലെത്തി കസേരയിട്ട് വി.എസ്. അവര്‍ക്കൊപ്പമിരുന്നു. രാഷ്ട്രീയം പറഞ്ഞു. പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു.
ആലപ്പുഴയില്‍ നിന്നെത്തിയ വി.എസിന് പാലക്കാട്ട കര്‍ഷകരുടെ കണ്ണുനീര് കണ്ടില്ലെന്ന് വയ്ക്കാനായില്ല. അര്‍ഹമായ ജലം തമിഴ്നാട് നല്‍കിയില്ലെന്ന പരാതി കേട്ട വി.എസ് പറമ്പിക്കുളം അണക്കെട്ടുള്‍പ്പടെ സന്ദര്‍ശിച്ചു. ജലചൂഷണത്തിനെതിരായി നടന്ന സമരങ്ങളില്‍ നാട്ടുകാര്‍ക്കൊപ്പം നിന്നു. ഐഐടി പാലക്കാട് അനുവദിക്കാനും വി.എസ്. കടുത്ത നിലപാടാണ് സ്വീകരിച്ചത്. മറ്റുജില്ലകള്‍ക്കായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് സമ്മര്‍ദമേറി. വി.എസ് പക്ഷേ വകവച്ചില്ല. ഒടുവില്‍ വി.എസ് ജയിച്ചു. മണ്ഡലത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങളിലും വി.എസിന്‍റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
വി.എസ്. എന്നാല്‍ എ.കെ.ബാലന്‍ പറഞ്ഞതു പോലെ മണ്ഡലത്തിന് വിക്ടറിയും, സക്സസുമായി. കര്‍ക്കശക്കാരനായിരുന്ന കമ്യൂണിസ്റ്റ് നേതാവിനെ ജനനായകനാക്കിയത് മലമ്പുഴയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും അഭിമാനത്തോടെ പറയുന്നു.