ചരിത്രത്തിലാദ്യമായി സി പി ഐ ക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി. സുമലത മോഹന്‍ദാസിനെ പാലക്കാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാർട്ടിക്ക് ഏറെ വേരോട്ടമുള്ള ജില്ലയിൽ വിഭാഗീയതയാണ് സുമലതയ്ക്കു മുന്നിലെ പ്രധാന വെല്ലുവിളി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, കേരള മഹിളാസംഘം ദേശീയ കൗണ്‍സില്‍ അംഗം , മലമ്പുഴ ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ്, സാമൂഹ്യനിതീ വകുപ്പ് കൗണ്‍സില്‍ അംഗം എന്നിങ്ങനെ അനവധി പദവികളിൽ തിളങ്ങിയ സുമലത മോഹന്‍ദാസിനെ തേടിയെത്തിയത് ചരിത്ര നിയോഗമാണ്.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി. വടക്കഞ്ചേരിയിൽ സമാപിച്ച സമ്മേളനത്തിൽ തുടക്കം മുതലേ സുമലതയുടെ പേര് ഉയർന്നു കേട്ടിരുന്നു, ഒടുവിൽ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗവും കൗൺസിൽ പ്രതിനിധികളുടെ യോഗവും സുമതലയെ തന്നെ പിന്തുണച്ചു.
വരാനിരിക്കുന്ന തദേശ തിരഞ്ഞെടുപ്പിലും പാർട്ടിക്കനുവദിക്കുന്ന പട്ടാമ്പി, മണ്ണാർകാട് നിയമസഭാ മണ്ഡലങ്ങളിലും മേധാവിത്വം ഉണ്ടാക്കണം. സുമതലക്കു മുന്നിലെ കടമ്പകളേറെയാണ്. മറ്റു ജില്ലകളിലുള്ളതിനേക്കാൾ വിഭാഗീയത കത്തി നിൽക്കുന്ന പാലക്കാട്ട് പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകലായിരിക്കും ഏറ്റവും വലിയ വെല്ലുവിളി.
മുൻ സെക്രട്ടറി കെ.പി സുരേഷ് രാജിനോട് ഇടഞ്ഞു നിൽക്കുന്ന കെ.ഇ ഇസ്മായിലിനു സമ്മേളനത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. പുതിയ നേതൃത്വത്തിന് ഇസ്മായിലിനോടുള്ള സമീപനം എങ്ങനെയാകും എന്നതും ആകാംക്ഷയാണ്.