vs-pv-fb

“കണ്ണേ കരളേ വി.എസേ” എന്നാർത്തലച്ച മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തിൽ മാത്രം പാർട്ടിയുടെ കാർക്കശ്യ മതിലുകളെ പൊളിച്ചെഴുതിയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദനെന്ന് പിവി അൻവർ അനുസ്മരിച്ചു. ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും വി.എസിനെ പാർട്ടിയിലേയും സർക്കാരിലേയും തിരുത്തൽ ശക്തിയാക്കിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

വി.എസ് എന്ന രണ്ടക്ഷരം മലയാളി ചേർത്തുവെച്ചിരിക്കുന്നത് അണഞ്ഞുപോവാത്ത വിപ്ലവത്തിന്റെ തീയോർമകൾക്കൊപ്പമാണ്. മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ആ കനലോർമകൾക്ക്, പ്രിയ സഖാവിന് വിട. 

കടുത്ത ദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു വി.എസിന്റെ പോരാട്ട ജീവിതം. പിന്നീട് സമരം തന്നെ ജീവിതമായി. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ പാർട്ടിക്കുള്ളിൽ പോലും എതിരാളികളെ സൃഷ്ടിച്ചപ്പോൾ ഒതുക്കാൻ ശ്രമിച്ചവർക്ക് പലപ്പോഴും മാറി നിൽക്കേണ്ടി വന്നു. കാരണം ജനങ്ങളായിരുന്നു വി.എസ്സിന്റെ ഊർജ്ജവും കരുത്തും.

പാര്‍ട്ടിക്ക് പിഴച്ചുപോയെന്ന തോന്നലുണ്ടായപ്പോഴെല്ലാം ഇതല്ല തന്റെ പാര്‍ട്ടിയെന്ന് പറയാതെ പറഞ്ഞു വി.എസ്. അതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം എന്ന പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ടി.പി ചന്ദ്രശേഖരന്‍ വധം വരേയുള്ള എണ്ണമില്ലാത്ത ഉദാഹരണങ്ങൾ  പറയാനുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പിളർപ്പുമുതലുള്ള ആ തിരുത്തൽ ശക്തിക്ക്, വി.എസ് എന്ന സമര യൗവ്വനത്തിന് ആദരാഞ്ജലികൾ- അൻവർ വ്യക്തമാക്കി.