ജീവനെടുക്കുന്ന അനാസ്ഥകള്‍ക്ക് പിന്നാലെ മാനസികവെല്ലുവിളി നേരിടുന്ന വയോധികയുടെ ജീവിതം ഇരുട്ടത്താക്കി കെ.എസ്.ഇ.ബിയുടെ ക്രൂരത. തിരുവനന്തപുരം മുദാക്കലില്‍ രണ്ട് ബള്‍ബും ഒരു ഫാനും മാത്രമുള്ള വീടിന് നല്‍കിയത് പതിമൂവായിരം രൂപയുടെ ബില്‍. തെറ്റായ ബില്ലെന്ന് ബോധ്യമായിട്ടും പണം അടച്ചില്ലെന്ന പേരില്‍ ഫ്യൂസൂരി. ആരുടെയും തുണയില്ലാത്ത ചെമ്പിന്‍കുഴി സ്വദേശി വനജ ഇപ്പോള്‍ ഇരുട്ടത്ത് കഴിയേണ്ട ഗതികേടിലാണ്.
മാനസികവെല്ലുവിളി നേരിടുന്ന വനജ ഒറ്റക്ക് കഴിയുന്ന വീടാണിത്. ഈ വീടിലേക്ക് കയറിയാല്‍ തന്നെ സാഹചര്യം വ്യക്തമാകും. വൈദ്യുതി കണക്ഷനുണ്ട്. ആകെയുള്ളത് രണ്ട് ബള്‍ബും ഒരു ഫാനും.മറ്റ് വൈദ്യുതി ഉപകരണങ്ങള്‍ ഒന്നുമില്ല.
മാനസിക ആരോഗ്യത്തിന് മരുന്ന് കഴിക്കുന്നയാളാണ്. വല്ലപ്പോഴുമെത്തുന്ന ഒരു സഹോദരനല്ലാതെ ആരുമില്ല. ക്ഷേമപെന്‍ഷനപ്പുറം മറ്റ് വരുമാനമില്ല. പഞ്ചായത്തംഗവും അയല്‍ക്കാരും കൊടുക്കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇപ്പോള്‍ ഇരുട്ടുമാത്രമാണ് ഈ വീട്ടില്‍ വനജയ്ക്ക് കൂട്ട്.
പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ പരാതി പറഞ്ഞപ്പോള്‍ ലൈനിലെ തകരാര്‍ മൂലം വൈദ്യുതി പാഴായതാവാം തെറ്റായ ബില്ലിന് കാരണമെന്നാണ് ആറ്റിങ്ങല്‍ കെ.എസ്.ഇ.ബിയുടെ മറുപടി. പക്ഷെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയതിനാല്‍ ബില്ലടയ്ക്കാതിരിക്കാനാവില്ലത്രേ.