ഷാര്‍ജയില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച അതുല്യ ഭര്‍ത്താവ് സതീഷ് ശങ്കറില്‍ നിന്ന് നേരിട്ടത് കൊടിയ പീഡനം. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനു സംശയരോഗമുണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സ്ത്രീകളെ അടിമയായാണ് കണ്ടിരുന്നത്. അതുല്യ പുറത്തുള്ളവരുമായി സംസാരിക്കുന്നത് തന്നെ ഭര്‍ത്താവ് വിലക്കിയിരുന്നു. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ജോലി ചെയ്ത് ജീവിക്കണം എന്ന് എപ്പോഴും പറയുമായിരുന്നു. മകളെ വളർത്താനാണ് ഭർത്താവിന്‍റ അടി മുഴുവൻ കൊണ്ടത്. സതീഷ് ഓഫിസിൽ പോകുമ്പോൾ ഷൂ വരെ ധരിപ്പിച്ചു കൊടുക്കുമായിരുന്നു. അതുല്യ സന്തോഷം പുറത്തു കാണിച്ച് ജീവിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
പൊതുചടങ്ങില്‍ വെച്ച് അതുല്യയെ കണ്ടു ഇഷ്ടപ്പെട്ടാണ് സതീഷ് വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്തിയത്. ഗംഭീരമായി നടത്തിയ വിവാഹനിശ്ചയത്തിന് ശേഷം ഏറെ നാള്‍ കഴിഞ്ഞായിരുന്നു വിവാഹം. 2011ല്‍ നടന്ന വിവാഹത്തില്‍ 48 പവനും ബൈക്കും വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ ശേഷമുള്ള മദ്യപാനം വലിയ പ്രശ്നത്തിലേക്ക് പോയപ്പോള്‍ അതുല്യ വിവാഹ മോചനത്തിനു അപേക്ഷ നല്‍കി. കുടുംബകോടതിയില്‍ കേസ് എത്തി. എന്നാല്‍ കൗണ്‍സിലിങ്ങ് സമയത്തും വിവാഹമോചനത്തില്‍ ഉറച്ച് നിന്നപ്പോള്‍ കൗണ്‍സി്ലര്‍മാരുടെ മുന്നില്‍വെച്ച് തന്നെ അതുല്യയുടെ കാലില്‍ വീണു. മാപ്പ് പറഞ്ഞു കാലില്‍ വീണ സതീഷ് വിവാഹ മോചനത്തില്‍ നിന്നു പിന്‍മാറിയാലെ എഴുന്നേല്‍ക്കുകയുള്ളു എന്നറിയിച്ചു.
പിന്നീട് കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തില്‍ ഇനി പ്രശ്നങ്ങളുണ്ടാക്കില്ലെന്നു ഉറപ്പും നല്‍കി. ഇതോടെയാണ് വിവാഹ മോചനക്കേസില്‍ നിന്നു അതുല്യ പിന്‍മാറിയത്. വിവാഹ മോചനത്തില്‍ നിന്നു പിന്‍മാറിയത് മാതാപിതാക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അന്നു അഛനും അമ്മയും അതുല്യയെ ശകാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം കുറച്ചു നാള്‍ പ്രശ്നങ്ങളില്ലായിരുന്നു. പിന്നീട് വീണ്ടും മദ്യപാനവും മര്‍ദനവും തുടങ്ങി. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വീണ്ടും വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു സതീഷിന്‍റെ ഭീഷണി.
സതീഷ് നാട്ടിലും പ്രശ്നക്കാരനായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. അതുല്യ പിണങ്ങി വീട്ടിലെത്തിയ സമയത്ത് പുലർച്ചെ 3 മണിക്ക് ഒരു സംഘം ചെറുപ്പക്കാരുമായി സതീഷ് മതിൽ ചാടി കടന്നതായി അയൽവാസി പറഞ്ഞു. വീട്ടുകാരെയും അതുല്യയെയും ഉപദ്രവിക്കാനായിരുന്നു വരവ്. അന്ന് അത് തടസ്സപ്പെടുത്തിയതായും അയൽവാസി പറഞ്ഞു. മദ്യപിച്ച് ഓഫിസിലെത്തിയതിന് സതീശിന് താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാൾ പറഞ്ഞു. ഡ്യൂട്ടിക്ക് കൃത്യമായി ഹാജരായിരുന്നില്ലെന്നും ഒപ്പം ജോലി ചെയ്തയാൾ മാധ്യമങ്ങളോട് പറഞ്ഞു.
അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്നു ഷാർജയിൽ നടക്കും. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഇന്നു ഷാർജ പൊലീസിലും പരാതി നൽകുന്നുണ്ട്.