കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാർജയിൽ മരിച്ച കേസിൽ ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കിയ കോടതി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താത്തിൽ നിരാശ രേഖപ്പെടുത്തുകയും ചെയ്തു.
കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. വിദേശത്തായിരുന്ന സതീഷ് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് നാട്ടിലെത്തിയത്. കൊലപാതക കുറ്റമടക്കം ചുമത്തിയ കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയത് ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. മുൻകൂർ ജാമ്യത്തിനെതിരെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചിന്‍റെ അപ്പീൽ പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്.
ജാമ്യം റദ്ദാക്കിയതിന് പിന്നാലെ സതീഷ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കും. കൊലപാതകം, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. കൊലപാതക കുറ്റം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താത്തിൽ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. വിദേശത്ത് വെച്ച് ഭർത്താവിൽ നിന്ന് അതുല്യ ഏറ്റ പീഡനങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി ഈ നിരീക്ഷണത്തിൽ എത്തിയത്. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അതുല്യയുടെ കുടുംബം പ്രതികരിച്ചു. അതേസമയം, പ്രതിയെ ഇതുവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിട്ടില്ല. അതിനാൽ കൊലപാതക കുറ്റം നിലനിൽക്കില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകും.