ഷാർജയിൽ മരിച്ച അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ അതുല്യയുടെ കുടുംബം കോടതിയിൽ സമർപ്പിച്ചു. അതുല്യയെ കൊലപ്പെടുത്തുമെന്ന് പറയുന്നത് ദൃശ്യങ്ങളിൽ ഉണ്ടെന്നും മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണെന്നും കുടുംബം കോടതിയെ അറിയിച്ചു. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 

കേട്ടാലറയ്ക്കുന്ന, തല പെരുത്തുപോകുന്ന തെറിവാക്കുകളാണ് ഇയാള്‍ ആവര്‍ത്തിച്ചു പറയുന്നത്. പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയും അതുല്യയ്ക്ക് മര്‍ദ്ദനമേറ്റു. മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുന്നതും അടിക്കുന്നതും മര്‍ദ്ദനമേറ്റ് അതുല്യ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. 

‘നീയെങ്ങോട്ട് പോകാനാടീ, നിന്നെ ഞാന്‍ കുത്തിമലര്‍ത്തി ജയിലില്‍ പോകും, നിന്നെ ഞാന്‍ എവിടെയും വിടില്ല. കുത്തി മലര്‍ത്തി സതീഷ് ജയിലില്‍ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാന്‍ സമ്മതിക്കില്ല. ക്വട്ടേഷന്‍ നല്‍കിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട എന്നും വിഡിയോയില്‍ സതീഷ് പറയുന്നുണ്ട്. 

ബെൽറ്റ് ഉപയോഗിച്ചുള്‍പ്പെടെ മർദിക്കുമായിരുന്നെന്നും സതീഷ് ശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് ആണ് കുടുംബം ആവശ്യപ്പെടുന്നത്. ദൃശ്യങ്ങൾ പഴയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചു. 

യുഎഇയിൽനിന്ന് നാട്ടിലെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചു സതീഷ് സങ്കറിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഗാർഹിക,മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ പരാതി. കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

ENGLISH SUMMARY:

Athulya's death case involves new video evidence presented in court. The video reportedly shows Athulya being abused by her husband, Satheesh Sankar, prior to her death, prompting calls for his arrest and a forensic investigation.