കഴിഞ്ഞ ജന്മത്തിൽ താൻ അമ്പലപ്പുഴ രാജാവിൻ്റെ മന്ത്രിയായിരുന്നുവെന്നും, രാജാവിനെ ധിക്കരിച്ചതിനെ തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെന്നും പറഞ്ഞ മുൻ ഡി.ജി.പി അല്കസാണ്ടർ ജേക്കബിനെ ട്രോളി ഹരീഷ് പേരടി. ഇതുവരെ ആരോടും പറയാത്ത ഒരു രഹസ്യം പറയാമെന്നും, കഴിഞ്ഞ ജന്മത്തിൽ താൻ ഹിറ്റ്ലറായിരുന്നുവെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഈ ജന്മത്തിൽ എന്നെ അനുകരിക്കുന്ന ഹിറ്റ്ലർമാരെ കണ്ട് ഞാൻ തന്നെ പേടിച്ചുപോയി. അതുകൊണ്ടാണ് ഈ രഹസ്യം ഇതുവരെ ആരോടും പറയാഞ്ഞത്. പിന്നെ ഇപ്പോൾ ഇത് പറയാൻ കാരണം കഴിഞ്ഞ ജന്മത്തിൽ അമ്പലപ്പുഴ രാജാവിൻ്റെ മന്ത്രിയായിരുന്ന മുൻ ഡി.ജി.പി അല്കസാണ്ടർ ജേക്കബ് സാറിൻ്റെ വെളിപ്പെടുത്തലിൻ്റെ ധൈര്യത്തിലാണ്. പക്ഷെ ഒരു സത്യം ഞാൻ പറയാം. ഇപ്പോഴത്തെ ഹിറ്റലർമാരെ വെച്ച് നോക്കുമ്പോൾ ഞാനൊക്കെ ഒരു പാവമായിരുന്നു. എൻ്റെ ജർമ്മനിയാണെ സത്യം'. – ഹരീഷ് പേരടി കുറിച്ചു.
ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് മുൻ ഡി.ജി.പി അല്കസാണ്ടർ ജേക്കബ് പൂർവ്വജന്മത്തെക്കുറിച്ചും ജ്യോതിഷത്തെക്കുറിച്ചുമുള്ള തൻ്റെ ധാരണകൾ തുറന്നുപറഞ്ഞത്. നൂറ് വർഷങ്ങൾക്കുമുമ്പ് ഭൃഗുമുനി എഴുതിയ ഭൃഗുസംഹിതയിൽ തൻ്റെ പൂർവ്വകാലവും വരുംകാലവും എഴുതിവെച്ചിരുന്നുവെന്നും, അതിൽ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് ജീവിതത്തിൽ സംഭവിച്ചുവെന്നും അലക്സാണ്ടർ ജേക്കബ് അവകാശപ്പെടുന്നു. കോളജ് അധ്യാപകനായിരുന്ന താൻ പിന്നീട് ഐ.പി.എസ് നേടിയതും, ജീവിത പങ്കാളിയുടെ പേരിൽ പോലും പ്രവചനം ശരിയായതും അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.