സര്‍ക്കാര്‍ വകുപ്പുകളുടെ മാപ്പര്‍ഹിക്കാത്ത അനാസ്ഥയ്ക്ക് ഇരയായ മിഥുന്‍റെ സംസ്കാരം കഴിഞ്ഞിട്ടും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ച് സര്‍ക്കാര്‍. ഉത്തരവാദിത്തം മുഴുവന്‍ പ്രധാന അധ്യാപികയില്‍ കെട്ടിവെച്ചതോടെ, സി.പി.എം നേതൃത്വത്തിലെ സ്കൂള്‍ മാനേജ്മെന്‍റിനെ സംരക്ഷിച്ചു.
വീഴ്ച അന്വേഷിക്കാന്‍ പോലും തദ്ദേശവകുപ്പ് തയാറല്ല. അന്വേഷണം പൂര്‍ത്തിയായില്ലെന്ന പേരില്‍ വൈദ്യുതിവകുപ്പും നടപടി വൈകിപ്പിക്കുന്നു. എന്നാല്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
സ്കൂള്‍ മുറ്റത്ത് പിടഞ്ഞ് മരിച്ച മിഥുനെ നെഞ്ചുപൊട്ടുന്ന വേദനയോടെ കേരളം യാത്രയാക്കി. ഇതോടെ എല്ലാം കഴിഞ്ഞെന്ന് കരുതി കണ്ണടയ്ക്കാന്‍ ഒരുങ്ങുകയാണ് മിഥുനെ മരണത്തിലേക്ക് തള്ളിയിട്ട സര്‍ക്കാര്‍ വകുപ്പുകള്‍. സ്കൂള്‍ മുറ്റത്തൂടെ വൈദ്യുതി ലൈന്‍ കടത്തിവിട്ട പരാതി കിട്ടിയിട്ടും അത് മാറ്റാന്‍ തയാറാകാതിരുന്ന വൈദ്യുതി വകുപ്പിനുണ്ടായത് കൊടിയ വീഴ്ചയാണ്. പക്ഷെ ഒരാള്‍ക്കെതിരെ പോലും ഇതുവരെ നടപടിയില്ല. ദുരന്തം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ലെന്നാണ് മനസാക്ഷിയില്ലാത്ത ന്യായീകരണം.
കയ്യെത്തും ദൂരത്തൂടെ വൈദ്യുതി ലൈന്‍ കടന്ന് പോകുന്ന സ്കൂളിന് 9 വര്‍ഷമായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദേശവകുപ്പും മരണത്തിന് ഉത്തരവാദിയാണെന്ന് ഒരു പരിശോധനയും കൂടാതെ നാട്ടുകാര്‍ക്കെല്ലാം ബോധ്യമായി. എന്നിട്ടും അതില്‍ അന്വേഷണം പോലും നടത്താതെ, പറഞ്ഞത് വിഴുങ്ങി വിശുദ്ധനാകാന്‍ ശ്രമിക്കുകയാണ് തദ്ദേശമന്ത്രിയും വകുപ്പും.
സി.പി.എം ലോക്കല്‍ സെക്രട്ടറി മാനേജറായുള്ള സ്കൂളില്‍ വൈദ്യുതി ലൈന്‍ മാറ്റാത്തതിന്‍റെ ഏക ഉത്തരവാദി വനിതാ പ്രധാനാധ്യാപികയെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ കണ്ടെത്തല്‍. അവരെ സസ്പെന്‍ഡ് ചെയ്തതോടെ അനുമതിയില്ലാതെ ഷെഡ് നിര്‍മിച്ചതും സുരക്ഷാ ഉറപ്പാക്കാത്തതുമടക്കം മാനേജ്മെന്റും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നടത്തിയ വീഴ്ചകളെല്ലാം മറച്ചുവെച്ചു.