മുഖ്യമന്ത്രിക്ക് രണ്ട് പുതിയ കാറുകള്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു. ഇതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാണ് പണം അനുവദിക്കുക. സാധാരണഗതിയില്‍ പൊലീസ് വകുപ്പ് മുഖ്യമന്ത്രിയുടെ വാഹനങ്ങളുടെ കാലപ്പഴക്കം, ഫിറ്റ്നസ്, സുരക്ഷ എന്നിവ പരിശോധിച്ച് പുതിയത് വാങ്ങാന്‍ ശുപാര്‍ശ ചെയ്യും. ഇത് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. ധനവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
2022 ലാണ് അവസാനമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുത്തന്‍ വണ്ടികളെത്തിയത്. അന്ന് 33.30 ലക്ഷം രൂപയോളം മുടക്കിയാണ് കാർണിവലിന്റെ ഉയർന്ന വകഭേദമായ ലിമോസിൻ പ്ലസാണ് വാങ്ങിയത്. മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയര്‍ കാറും വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയത്. ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയതോടെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നിരുന്നു. 33.31 ലക്ഷം രൂപയാണ് കാര്‍ണിവലിന്‍റെ ചെലവ്.