സ്കൂളില്‍ വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ മരണം അമ്മ സുജയെ അറിയിച്ചത് രാത്രി വിഡിയോകോളിലൂടെ. നാലുമാസം മുന്‍പാണ് ജീവിതം ഒന്നു കരുപ്പിടിപ്പിക്കാനായി സുജ കുവൈത്തിലേക്കു പോയത്. കുവൈത്തില്‍ ജോലി ചെയ്യുന്ന സുജ തൊഴിലുടമകള്‍ക്കൊപ്പം നിലവില്‍ തുര്‍ക്കിയിലാണ് ഉള്ളത്. സുജ നാളെ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അമ്മ എത്തിയ ശേഷമാകും സംസ്കാരം നടക്കുക.
സ്കൂളില്‍ സഹപാഠികള്‍ തമ്മില്‍ ചെരുപ്പെറിഞ്ഞു കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് ഷെഡിനു മുകളിലേക്കു വീഴുകയായിരുന്നു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമാണ് മിഥുൻ മനു (13).
അതേസമയം സ്കൂളിനു മുകളിലൂടെ വൈദ്യുതിലൈന്‍ കടന്നുപോകുന്നതിന്റെ അപകടഭീഷണി ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന കാര്യത്തില്‍ പരസ്പരവിരുദ്ധ മറുപടികളാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയത്. പണ്ടേയുള്ള ലൈനാണെന്നും അപകടസാധ്യത മനസ്സിലായില്ലെന്നും ഇതുവരെ ആർക്കും അങ്ങോട്ടുപോകേണ്ട സാഹചര്യമുണ്ടാകാത്തതിനാൽ പ്രശ്നം മനസ്സിലായില്ലെന്നുമാണ് സ്കൂൾ മാനേജരും സിപിഎമ്മിന്റെ മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ സെക്രട്ടറിയുമായ തുളസീധരൻ പിള്ള പറയുന്നത്.
എന്നാല്‍ പ്രശ്നം കെഎസ്ഇബിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെന്നും കേബിളിലേക്ക് ഉടൻ മാറുമെന്നു മറുപടി ലഭിച്ചതിനാൽ അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നെന്നും പ്രധാനാധ്യാപിക എസ്.സുജ പറയുന്നു. കേബിളിലേക്കു മാറുന്നതിനും ലൈനിനടിയിൽ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനും കെഎസ്ഇബി ഒരാഴ്ചമുൻപു സ്‌കൂൾ മാനേജ്‌മെന്റിനോട് അനുമതി തേടിയിരുന്നുവെന്നും അടുത്ത മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനുശേഷം അറിയിക്കാമെന്നാണ് മറുപടി ലഭിച്ചതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറയുന്നു.