എംഡിഎംഎയും ഹാഷിഷ് ഓയിലുമായി റെയില്‍വേയിലെ ടിക്കറ്റ് എക്സാമിനറായ അഖില്‍ ജോസഫ് പിടിയിലായ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ലഹരിക്കടിമയായി ജീവിതം തുലച്ച അഖില്‍ ജോസഫിന്‍റെ ടിടിഇ ജോലി കേവലമൊരു തൊഴില്‍ മാത്രമായിരുന്നില്ല. അതിനുമപ്പുറത്ത് സ്വന്തം പിതാവിന്‍റെ ജീവന്‍റെ വിലയായിരുന്നു അത്. കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ വെടിയേണ്ടി വന്ന കോണ്‍സ്റ്റബിള്‍ ഇ.ജെ.ശൗരിയുടെ മകനാണ് എളമക്കര സ്വദേശിയായ അഖില്‍ ജോസഫ്.
ഇ.ജെ.ഷൗരി (ഇടത്), മലയാറ്റൂര്‍ സന്തോഷ് (വലത്)– ചിത്രം: മനോരമ
ആര്‍പിഎഫ് കോണ്‍സ്റ്റബിളായിരുന്നു അഖിലിന്‍റെ പിതാവ് ഇ.ജെ. ശൗരി. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്കിടയില്‍ കൊടും ക്രിമിനലും പിടികിട്ടാപുള്ളിയുമായിരുന്ന മലയാറ്റൂര്‍ സന്തോഷിന്‍റെ കുത്തേറ്റ് മരിച്ച ധീരനായ പൊലീസുകാരന്‍. ശൗരി മരിച്ചപ്പോള്‍ ആ കുടുംബത്തെ സംരക്ഷിക്കാന്‍ റെയില്‍വെ മകന്‍ അഖിലിന് ജോലി നല്‍കി. പിതാവിന്‍റെ പേരില്‍ ലഭിച്ച ആ ജോലിയാണ് ലഹരിക്കടിമയായ മകന്‍ കളഞ്ഞുകുളിച്ചത്.
ടെറസിലൊളിച്ച മലയാറ്റൂര്‍ സന്തോഷ്; ജീവന്‍ പിടഞ്ഞ് ശൗരി
റെയില്‍വെ സുരക്ഷാസേനയിലെ കോണ്‍സ്റ്റബിളായ ഇ.ജെ. ശൗരിയെ മലയാറ്റൂര്‍ സന്തോഷ് കുത്തിക്കൊന്നത് 2003 ഡിസംബര്‍ അഞ്ചിന്. റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ലഹരികച്ചവടവും കവര്‍ച്ചയും നടത്തിയിരുന്ന ആളായിരുന്നു മലയാറ്റൂര്‍ സന്തോഷ്. കോടതി വാറന്‍റ് വെട്ടിച്ച് മുങ്ങിനടന്ന സന്തോഷ് കൊച്ചിയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍പിഎഫ് സിഐ ടി.എസ്. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കിറങ്ങിയത്. ആ കൂട്ടത്തിലായിരുന്നു കോണ്‍സ്റ്റബിള്‍ ശൗരി.
കളത്തിപ്പറമ്പ് റോഡിലെ ഇരുനില വീടിന്‍റെ ടെറസില്‍ സന്തോഷ് ഒളിച്ചിരിപ്പുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. വീട് വളഞ്ഞ് സിഐയും സംഘവും ടെറസിലെത്തിയതോടെ സന്തോഷ് ലോക്കായി. കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷ് കത്തിവീശി. ആദ്യം ഗോപകുമാറിനെ ആക്രമിച്ച സന്തോഷ് തന്നെ കീഴടക്കിയ ശൗരിയെ കുത്തിവീഴ്ത്തി. ശൗരി കുത്തേറ്റ് പിടയുന്നതിനിടെ സന്തോഷ് ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും ശൗരിയെ രക്ഷിക്കാനായില്ല.
കുഞ്ചിത്തണ്ണിയില്‍ നിന്ന് മലയാറ്റൂര്‍ സന്തോഷിനെ പിടികൂടിയപ്പോള്‍ (ചിത്രം: മനോരമ)
കൊടും ക്രിമിനല്‍; പൊലീസിനെയും പേടിപ്പിച്ച മലയാറ്റൂര്‍ സന്തോഷ്
പൊലീസുകാരുടെ വരെ പേടി സ്വപ്നമായിരുന്നു മലയാറ്റൂര്‍ സന്തോഷെന്ന കൊടുംക്രിമിനല്‍. കണ്ണില്‍ചോരയില്ലാത്ത ലഹരിക്കടിമയായ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരുവന്‍. റെയില്‍വെ സ്റ്റേഷനുകളും ട്രെയിനുകളുമായിരുന്നു സന്തോഷിന്‍റെ വിഹരകേന്ദ്രം. സ്ത്രീകളെ ഭീഷണിപ്പെടുത്തി പണംതട്ടിയിരുന്ന സന്തോഷ് യാത്രക്കാരുടെ പണവും സ്വര്‍ണവും പലതവണ കവര്‍ന്നു. എന്തിന് റെയില്‍വെ സ്റ്റേഷനിലെ ഭിക്ഷക്കാരെ വരെ സന്തോഷ് കൊള്ളയടിച്ചു. ഭൂരിഭാഗം സമയവും ലഹരിതലയ്ക്ക് പിടിച്ച അവസ്ഥയില്‍.
സ്വയരക്ഷയ്ക്ക് ബ്ലേഡ് പ്രയോഗം
പൊലീസിനെ വെട്ടിക്കാന്‍ ഏതറ്റംവരെ പോകാനും തയാറായിരുന്നു മലയാറ്റൂര്‍ സന്തോഷ്. ബ്ലേഡ് തൊട്ട് വാക്കത്തിവരെ, ഏതെങ്കിലും ഒരു ആയുധം സന്തോഷിന്‍റെ കൈവശം എപ്പോളുമുണ്ടാകും. പൊലീസ് പിടിക്കാനെത്തുമ്പോള്‍ വായില്‍ ബ്ലേഡ് വെച്ച് ചോരതുപ്പി രക്ഷപ്പെടുന്നതാണ് ഒരു രീതി. മറ്റൊന്ന് ബ്ലേഡുകൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞ ശേഷം രക്ഷപ്പെടല്‍. ശൗരി കൊല്ലപ്പെടുന്നതിനു ദിവസങ്ങൾക്കു മുൻപേ സന്തോഷിനായി പൊലീസ് വലവിരിച്ചിരുന്നു. ഒരു തവണ ശൗരി സന്തോഷിനെ പിടികുടീയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. ശൗരിയുടെ കൈ തട്ടിമാറ്റി, ഓടുന്ന ബസില്‍ ചാടിക്കയറിയാണ് സന്തോഷ് അന്ന് രക്ഷപെട്ടത്.
വിധി കേള്‍ക്കാന്‍ കോടതിയിലെത്തിച്ചപ്പോള്‍ (ചിത്രം: മനോരമ)
ഒടുവില്‍ പൊലീസ് വലയില്‍ സന്തോഷ്
ശൗരിയെ കൊലപ്പെടുത്തിയ മലയാറ്റൂര്‍ സന്തോഷിനെ രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഇടുക്കിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ക്രിസ്മസിന് മൂന്ന് ദിവസം മുന്‍പ് കുഞ്ചിത്തണ്ണിയിലെ പെങ്ങള്‍ റാണിയുടെ വീട്ടിലെത്തിയതായിരുന്നു സന്തോഷ്. വെള്ളത്തൂവല്‍ സ്റ്റേഷന്‍റെ പരിധിയില്‍ കുത്തനെയുള്ള ഒരു മലയുടെ മുകളിലായിരുന്നു റാണിയുടെ വീട്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം മല വളഞ്ഞു. പുലര്‍ച്ചെ രണ്ടുമണിയോടെ അസി. കമ്മിഷണര്‍ വി.ജി. ശശിധരന്‍റെ നേതൃത്വത്തില്‍ മുപ്പതംഗ പൊലീസ് സംഘം വീട് വളഞ്ഞു. വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസുകാര്‍ കിടക്കപ്പായയില്‍ നിന്ന് സന്തോഷിനെ പൊക്കി.
തിരച്ചിലില്‍ ഒപ്പം കൂടി ജനങ്ങളും
ശൗരിയെ കൊലപ്പെടുത്തിയ മലയാറ്റൂര്‍ സന്തോഷിനെ പൂട്ടാന്‍ പൊലീസ് ജനങ്ങളുടെ സഹായവും തേടി. സന്തോഷിന്‍റെ പലരൂപത്തിലുള്ള ആയിരത്തിലേറെ ചിത്രങ്ങള്‍ വിവിധ സ്റ്റേഷനുകളിലേക്ക് അന്വേഷണ സംഘം അയച്ചു നല്‍കി. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. 150 ലേറെ ഫോണ്‍ സന്ദേശങ്ങള്‍ പൊലീസിനെ തേടിയെത്തി. അന്‍പതിലധികം റെയ്ഡുകള്‍ നടത്തി. ആലുവ, അങ്കമാലി, ഇടുക്കി, മൂവാറ്റുപുഴ, ചാലക്കുടി, തൃപ്പൂണിത്തുറ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു സന്തോഷ്. ഇതിനിടെ പൂപ്പാറ എസ്‌റ്റേറ്റിൽ മണ്ണുചുമക്കുന്ന ജോലിയും ചെയ്‌തു. കുഞ്ചിത്തണ്ണിയില്‍ സന്തോഷിന്‍റെ സഹോദരി ജോലി ചെയ്തിരുന്ന ബേക്കറിയുടെ ഉടമയാണ് സന്തോഷ് ഇടുക്കിയിലെത്തിയ നിര്‍ണായക വിവരം ഒടുവില്‍ പൊലീസിനെ അറിയിക്കുന്നത്.
ശിക്ഷ ജീവപര്യന്തം
ശൗരിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനാണ് മലയാറ്റൂര്‍ സന്തോഷിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കുറ്റകൃത്യം പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്‌തതായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ അത്യപൂർവമായ കേസുകളുടെ ഗണത്തിൽ ഉൾപ്പെടുത്തി വധശിക്ഷ നൽകാവുന്ന കേസല്ലെന്നും കോടതി വ്യക്‌തമാക്കി. സംഭവത്തിന് ഒന്നരമാസം മുൻപു മാത്രമാണ് ജയിൽ മോചിതനായതെന്നും നല്ലവനായി ജീവിതം നയിക്കാനാണ് ആഗ്രഹമെന്നുമാണ് ശിക്ഷവിധിക്കും മുന്‍പ് സന്തോഷിന്‍റെ പ്രതികരണം.
മരണാനന്തര ബഹുമതി
റെയിൽവേ പൊലീസ് കോൺസ്‌റ്റബിൾ ഇ.ജെ. ശൗരിക്ക് റയിൽവേ പൊലീസ് മരണാനന്തര ബഹുമതിയായി അഞ്ചു ലക്ഷം രൂപയാണ് കൈമാറിയത്. ശൗരിയുടെ ഭാര്യ ഏലിസബത്ത് , ഡിവിഷനൽ റയിൽവേ മാനേജർ ഡോ. ജി. നാരായണനിൽനിന്ന് അന്ന് തുക ഏറ്റുവാങ്ങി. പിതാവ് കൊല്ലപ്പെടുമ്പോള്‍ പതിമൂന്ന് വയസായിരുന്നു മകന്‍ അഖിലിന്‍റെ പ്രായം. പഠനം പൂര്‍ത്തിയാക്കിയതോടെ റെയില്‍വെ അഖിലിന് ജോലി നല്‍കി. മാസം മുക്കാല്‍ ലക്ഷത്തോളം രൂപ ശമ്പളമുള്ള ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ജോലി. ലഹരിക്കേസില്‍ പിടിയിലായതോടെ അഖിലിനെ ജോലിയില്‍ നിന്ന് റെയില്‍വെ സസ്പെന്‍ഡ് ചെയ്തു. പിതാവിന്‍റെ ജീവന്‍റെ വിലയുള്ള ജോലിയാണ് ലഹരിയുടെ പിടിയില്‍പ്പെട്ട് ആ മകന്‍ തുലച്ച് കളഞ്ഞത്