മീന്‍പിടിക്കാന്‍ ഒറ്റയ്ക്ക് കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പൂവാര്‍ ഭാഗത്ത് കണ്ടെത്തി. കാലിൽ ഇരുമ്പുചങ്ങല കൊണ്ട് പൂട്ടിയ നിലയിലാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്.
വിഴിഞ്ഞം തെന്നൂർക്കോണം സ്വദേശി ബെൻസിംഗറാണ് (39) മരിച്ചത് . മണൽ നിറച്ച മൂന്നു കന്നാസുകളും മൃതദേഹത്തോട് ചേര്‍ത്ത് ബന്ധിച്ചിരുന്നു. തോർത്തു കൊണ്ട് കണ്ണും കെട്ടിയ നിലയിലാണ്. മത്സ്യത്തൊഴിലാളികളാണ് കടലിൽ പൊങ്ങിക്കിടന്ന നിലയിൽ ബെൻസിംഗറിന്റെ മൃതദേഹം കണ്ടത്.
ബെൻസിംഗറിന്റെ വള്ളത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ കാലിൽ പൂട്ടിക്കെട്ടിയ ഇരുമ്പുചങ്ങലകളെയും കന്നാസുകളെയും പറ്റി നിർണായക വിവരങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. 3 സിം കാർഡുകളും മൊബൈൽ ഫോണും കാണാതായിട്ടുണ്ടെന്നും ബെൻസിംഗറിന്റെ ബന്ധുക്കൾ പൊലീസിനോട് പറയുന്നു.
ബെൻസിംഗർ 11ാം തീയതി രാത്രി ഒറ്റയ്ക്കാണ് മത്സ്യബന്ധനത്തിനു പോയത്. മീൻപിടിത്ത തുറമുഖ പ്രവേശന കവാട ഭാഗത്തിനോടടുത്ത് കണ്ടെത്തിയ വള്ളത്തിൽ നിന്ന് ചെരുപ്പും, താക്കോലും, ഒരു മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. കാലുകളിലെ ചങ്ങലയുടെ പൂട്ട് ഈ താക്കോലുപയോഗിച്ചാണ് തുറക്കാനായതെന്നു കോസ്റ്റൽ പൊലീസ് വ്യക്തമാക്കി.
ബെൻസിംഗറിന്റെ കാലുകളിൽ കെട്ടിയിരുന്നത് നായയെ കെട്ടാനുപയോഗിക്കുന്ന ചങ്ങലയാണ്. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. മരിച്ച ബെൻസിംഗർ പൂവാർ പള്ളം പുരയിടം സ്വദേശിയാണ്. എന്നാൽ കഴിഞ്ഞ 10 വർഷത്തോളമായി വിഴിഞ്ഞത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതായി കോസ്‌റ്റൽ പൊലീസ് അറിയിച്ചു.