മാർത്താണ്ഡം ഫ്ലൈ ഓവറിൽ ബൈക്ക് കാറിലിടിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ സഹോദരങ്ങളുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് നാട് ഇരുവരുടെയും മരണത്തോടെ ആ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് പൊലിഞ്ഞത്. നെയ്യാറ്റിൻകര നെല്ലിമൂട് കൊല്ലകോണത്ത് താമസിക്കുന്ന വിജയ കുമാർ - റീഷ ദമ്പതികളുടെ മക്കളായ രഞ്ജിത്ത് കുമാറിനെയും (32) രമ്യയെയുമാണ് (28) വാഹനാപകടം കവർന്നെടുത്തത്.
റീഷ ഹരിതകർമ്മ സേനാംഗവും വിജയ കുമാർ കെട്ടിട നിർമ്മാണ തൊഴിലാളിയുമാണ്. ഇവരുടെ മക്കളെ വിധി ഒരുമിച്ച് കവർന്നെടുത്തതോടെ ഇരുവരും താങ്ങാനാവാത്ത ദുഖത്തിലാണ്. ചെറിയ വരുമാനത്തിൽ സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബത്തെയാണ് അപകടം തൂത്തെറിഞ്ഞത്.
മാർത്താണ്ഡത്ത് ഒരു സ്വകാര്യ ഐ.ടി കമ്പനിയിൽ അദ്ധ്യാപകനയി ജോലി നോക്കുകയായിരുന്നു രഞ്ജിത്ത് കുമാർ. മാർത്താണ്ഡത്തെ തന്നെ ഒരു സ്വകാര്യാശുപത്രിയിലെ ജീവനക്കാരിയായിരുന്നു രമ്യ. ഇരുവരും എന്നും ഒരുമിച്ചാണ് മാർത്താണ്ഡത്തേയ്ക്ക് പോയിരുന്നത്. ആദ്യം രമ്യയെ ജോലിക്കായി ആശുപത്രിയിൽ എത്തിച്ച ശേഷമാണ് രഞ്ജിത്ത് പോയിരുന്നത്.
പതിവുപോലെ ഇന്നലെ രാവിലെയും രണ്ട് പേരും ജോലി സ്ഥലത്തേയക്ക് ബൈക്കിൽ പോകുന്നതിനിടയിലാണ് മാർത്താണ്ഡത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ച് കയറിയത്. രഞ്ജിത്ത് കുമാർ തത്ക്ഷണം മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് രമ്യ മരണത്തിന് കീഴടങ്ങിയത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് ഇരുവരും പാലത്തിന്റെ മുകളിൽ നിന്ന് 20 അടി താഴ്ചയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
കാർ ഓടിച്ചിരുന്ന വിപിൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മാർത്താണ്ഡം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മാർട്ടതിനുശേഷം മൃതദേഹങ്ങൾ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.